ജനങ്ങളുടെ വീടുകള്‍ക്ക് അരികിലേക്ക് ചികിത്സകള്‍ എത്തിച്ച് വെയ്റ്റിംഗ് സമയം വെട്ടിക്കുറയ്ക്കാന്‍ ആശുപത്രികള്‍ നല്‍കുന്ന ചികിത്സകളില്‍ വലിയൊരു പങ്കും പുതിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റാന്‍ എന്‍എച്ച്എസ്. ലേബര്‍ ഗവണ്‍മെന്റിന്റെ പത്ത് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രകാരമാണ് ഈ സുപ്രധാന മാറ്റങ്ങള്‍. പദ്ധതി കീര്‍ സ്റ്റാര്‍മര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് എളുപ്പത്തില്‍ ജിപി സേവനങ്ങളും, സ്‌കാനുകളും, മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ടും ലഭ്യമാക്കാനായി ഈ സേവനങ്ങള്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ തുറന്നുപ്രവര്‍ത്തിക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകുകയോ, ഇല്ലാതാകുകയോ ചെയ്യേണ്ടി വരുമെന്നാണ് 10 വര്‍ഷത്തെ പ്ലാനില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുക.
വിപ്ലവകരമായ മാറ്റമെന്ന തരത്തില്‍ ഗവണ്‍മെന്റ് കൊണ്ടുവരുന്ന പദ്ധതി ജീവനക്കാരുടെ ക്ഷാമവും, കഠിനമായ സാമ്പത്തിക അവസ്ഥയും, വണ്‍-സ്റ്റോപ്പ് ഷോപ്പ് സ്റ്റൈലിലുള്ള അയല്‍പക്ക ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കാനുള്ള സ്ഥലപരിമിതിയും മൂലം തടസ്സങ്ങള്‍ നേരിടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ആശുപത്രികളെ തരം താഴ്ത്തുന്ന വിധത്തിലുള്ള നീക്കത്തിന് ജനങ്ങളുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് നേരിടുമെന്നും കരുതുന്നു.
പത്ത് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ എന്‍എച്ച്എസിനെ റീവയര്‍ ചെയ്ത്, ഭാവിയിലേക്ക് സുരക്ഷിതമാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെടുന്നു. ചികിത്സ വീട്ടുപടിക്കല്‍ എത്തിച്ച്, സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച്, രോഗത്തെ ആദ്യ ഘട്ടത്തില്‍ തന്നെ തടയുന്നതിനാണ് പ്രാമുഖ്യം നല്‍കുക, പുതിയ ക്ലിനിക്കുകളിലൂടെ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരിചരണം നല്‍കുകയാണ് ചെയ്യുക, ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.