ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയുടെ ലീഡ് കേവലം 12 പോയിന്റിലേക്ക് കുറച്ച് ടോറികള്‍. ഞെട്ടിക്കുന്ന സര്‍വ്വെ ഫലം പുറത്തുവന്നതോടെയാണ് ഋഷി സുനാക് വമ്പന്‍ തിരിച്ചുവരവ് നടത്തുന്നതായി വ്യക്തമായത്. പ്രചരണത്തിന്റെ ആദ്യ ആഴ്ചയില്‍ പല തിരിച്ചടികളും നേരിട്ട ശേഷമാണ് പ്രധാനമന്ത്രി സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച് ലീഡ് വര്‍ദ്ധിപ്പിച്ചത്.
കീര്‍ സ്റ്റാര്‍മറുടെ ലേബറിന് 40 ശതമാനവും, ടോറികള്‍ക്ക് 28 ശതമാനവുമാണ് ജനപിന്തുണ. മേയില്‍ നിന്നും 2 പോയിന്റ് വര്‍ദ്ധനവാണ് നേടിയിരിക്കുന്നത്. അതേസമയം ലേബറിന്റെ ലീഡ് ഏപ്രില്‍ മാസത്തിലെ 18 പോയിന്റില്‍ നിന്നും, മേയില്‍ 15 പോയിന്റിലേക്കും ഇപ്പോള്‍ 12 പോയിന്റിലേക്കുമാണ് താഴ്ന്നതെന്ന് ജെഎല്‍ പാര്‍ട്‌ണേഴ്‌സ് പോളിംഗ് കണ്ടെത്തി.
65 വയസ്സിന് മുകളിലുള്ളവരിലെ ചാഞ്ചാട്ടമാണ് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കുന്നതെന്ന് പോള്‍സ്റ്റര്‍ പറഞ്ഞു. ഈ പ്രായവിഭാഗത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 10 പോയിന്റ് ലീഡ് ഉണ്ടായിരുന്നത് 20 പോയിന്റ് ലീഡിലേക്ക് മാറി. അതേസമയം ലേബര്‍ പാര്‍ട്ടിയില്‍ സീനിയര്‍ നേതാവ് ഡയാന്‍ ആബറ്റിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയാനുള്ള നീക്കങ്ങള്‍ പുകയുകയാണ്.
മുതിര്‍ന്ന എംപിയെ അപമാനിക്കാനുള്ള നീക്കത്തെ സ്റ്റാര്‍മര്‍ അനുകൂലികള്‍ പോലും എതിര്‍ക്കുന്നുണ്ട്. ജൂതരെ കുറിച്ച് ആബറ്റ് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിലായിരുന്നു ഇവരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റാര്‍മറുടെ ലീഡ് കുറയുന്നുണ്ടെങ്കിലും ലേബര്‍ വിജയം ഇപ്പോഴും തള്ളിക്കളയാന്‍ കഴിഞ്ഞിട്ടില്ല. 60% വോട്ടര്‍മാരാണ് ഗവണ്‍മെന്റിന് മാറ്റം വേണമെന്ന് ചിന്തിക്കുന്നത്.