ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ക്ക് എതിരെ ലൈംഗിക അക്രമങ്ങള്‍ നടത്തിയ കുറ്റത്തിന് മുതിര്‍ന്ന ഹൃദയ സര്‍ജന് എതിരെ 14 കേസുകള്‍ ചുമത്തി. ലങ്കാസ്റ്ററില്‍ നിന്നുള്ള 54-കാരന്‍ അമല്‍ ബോസാണ് 2017 മുതല്‍ 2022 വരെ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ പ്രവൃത്തികളുടെ പേരില്‍ ജീവനക്കാര്‍ പരാതിപ്പെട്ടതോടെ അറസ്റ്റിലായത്.
ആശുപത്രിയിലെ കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായിരുന്ന ഡോക്ടര്‍ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. 1.2 മില്ല്യണ്‍ പൗണ്ടിന്റെ അഞ്ച് ബെഡ്‌റൂം വീട്ടിലാണ് താമസം.
ആറ് വനിതാ ജീവനക്കാര്‍ക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ 14 കുറ്റങ്ങള്‍ ചുമത്തിയ സംഭവത്തില്‍ ജൂണ്‍ 7ന് ലങ്കാസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയിലാണ് ഡോക്ടര്‍ ഹാജരാകുക. ഡോക്ടര്‍ ലൈംഗികമായി അക്രമിച്ചവരെല്ലാം ആശുപത്രിയിലെ ജീവനക്കാരാണ്.
ലൈംഗിക അതിക്രമങ്ങളില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പോലീസ് 15 മാസക്കാലത്തെ അന്വേഷണമാണ് ബോസിന് എതിരെ നടത്തിയത്. ജീവനക്കാര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തോടെയാണ് ആശുപത്രി പോലീസില്‍ വിവരം അറിയിച്ചത്.
പലരും ഒന്നിലേറെ തവണ അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ളതായി പോലീസ് പറയുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ റഫര്‍ ചെയ്തതോടെ ബോസിന് പ്രാക്ടീസ് ചെയ്യുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.