ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ എന്‍എച്ച്എസ് ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ്. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകാന്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും നിസ്സാരമല്ല. ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കുമ്പോള്‍ ശമ്പളവിഷയത്തില്‍ അഞ്ച് ദിവസത്തെ പണിമുടക്ക് നടത്താനാണ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നത്.
ജൂണ്‍ 27 മുതല്‍ പണിമുടക്ക് തുടങ്ങുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. മെയ് മധ്യം മുതല്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും മികച്ച പുതിയ ഓഫര്‍ ഇതുവരെ ലഭ്യമായില്ലെന്ന് യൂണിയന്‍ പറയുന്നു. എന്നാല്‍ കൃത്യസമയം നോക്കി സമരം നടത്തുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് വ്യക്തമാകുന്നതായി പ്രധാനമന്ത്രി ഋഷി സുനാക് ചൂണ്ടിക്കാണിച്ചു.
യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് കാലത്തും ചര്‍ച്ചകള്‍ തുടരാന്‍ കഴിയും. എന്നാല്‍ മന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തിരക്കിലാണ്. ജൂലൈ 4ന് ശേഷം കണ്‍സര്‍വേറ്റീവുകള്‍ ഭരണത്തില്‍ തുടരാനുള്ള സാധ്യത കുറവാണ്. ഈ ഘട്ടത്തില്‍ ഒരു കരാറില്‍ എത്തിച്ചേരുന്നത് ബുദ്ധിമുട്ടുമാണ്.
15 വര്‍ഷമായി പണപ്പെരുപ്പത്തില്‍ താഴെ നല്‍കുന്ന ശമ്പളവര്‍ദ്ധനവ് പരിഗണിച്ച് 35% ശമ്പളവര്‍ദ്ധന വേണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 9% ശമ്പള വര്‍ദ്ധനവാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 3% കൂടി വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ തയ്യാറായെങ്കിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
2023 മാര്‍ച്ചില്‍ ആദ്യത്തെ സമരം ആരംഭിച്ച ശേഷം ഇത് 11-ാം തവണയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുന്നത്. ഫെബ്രുവരിയിലാണ് അവസാന പണിമുടക്ക് നടന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഇത് കൂടി നല്‍കേണ്ട അവസ്ഥയാകും.
ഇതോടെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പതിവ് ഓപ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ളവ തടസ്സപ്പെടും. എന്‍എച്ച്എസില്‍ പകുതിയോളം ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരാണ്. എന്‍എച്ച്എസിലെ മറ്റ് തൊഴില്‍ വിഭാഗങ്ങള്‍ക്ക് പരിഹാരം നല്‍കാമെങ്കില്‍ ഇതും സാധ്യമാകുമായിരുന്നുവെന്ന് സുനാക് പ്രതികരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സമരം നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ഡിവോണില്‍ പ്രധാനമന്ത്രി ആരോപിച്ചു.