CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 8 Seconds Ago
Breaking Now

പന്തീരാങ്കാവ് കേസ്: യുവതിയുടെ മൊഴിമാറ്റം ഗൗരവത്തിലെടുക്കില്ല; രാഹുലിനെ സഹായിച്ച പൊലീസുകാരനെ ചോദ്യം ചെയ്യും, കേസുമായി മുന്നോട്ടെന്ന് പൊലീസ്

ശരത് ലാലില്‍ നിന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നല്‍കിയോ മൊഴി മാറ്റിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം ഒന്നാം പ്രതി രാഹുല്‍ പി.ഗോപാലിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പന്തീരാങ്കാവ് സിവില്‍ പൊലീസ് ഓഫിസര്‍ കെ.ടി ശരത് ലാലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

സംഭവത്തിന് ശേഷം മുങ്ങിയ കെ.ടി ശരത് ലാല്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേഷനില്‍ ഹാജരായി ജാമ്യം നേടാന്‍ എന്ന നിരീക്ഷണത്തില്‍ സെഷന്‍സ് കോടതി ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് ഇയാള്‍ ചോദ്യം ചെയ്യലിനായി ഇന്ന് എത്തുന്നത്. ഇതിനിടയിലാണ് സാമൂഹിക മാധ്യമത്തില്‍ പരാതിക്കാരിയായ യുവതി പ്രതിക്കനുകൂല നിലപാടുമായി എത്തിയത്. എന്നാല്‍ ഈ അനുകൂല നിലപാട് അന്വേഷണ സംഘം ഗൗരവത്തിലെടുത്തിട്ടില്ല.

ശരത് ലാലില്‍ നിന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അടുത്ത ദിവസം കുറ്റപത്രം നല്‍കും. നേരത്തെ കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേസില്‍ അറസ്റ്റ് ചെയ് മറ്റു പ്രതികളായ രാഹുലിന്റെ മാതാവ് ഉഷാകുമാരി, സഹോദരി കാര്‍ത്തിക, ഡ്രൈവര്‍ രാജേഷ്, കൂടാതെ കേസില്‍പ്പെട്ട പൊലീസുകാരനേയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുന്നത്.

സംഭവത്തിനു ശേഷം യുവതി നല്‍കിയ പരാതിയും തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നല്‍കിയ മൊഴിയും ചേര്‍ത്താണ് ഒന്നാം പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെ കേസെടുത്തത്. കൂടാതെ സംഭവം വിവാദമായതില്‍ പരാതിക്കാരി കോടതിയില്‍ നേരിട്ട് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ഇത് പ്രതിക്കെതിരെ ശക്തമായ തെളിവാകും. വിചാരണയ്ക്കിടയില്‍ പരാതിക്കാര്‍ കോടതി മുന്‍പാകെ മൊഴി മാറ്റി നല്‍കുന്നതേ പൊലീസ് ഗൗരവത്തിലെടുക്കൂ എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മകള്‍ ആരുടെയോ സമ്മര്‍ദം നേരിടുന്നുണ്ടെന്നാണ് അച്ഛന്റെ പ്രതികരണം. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.