കെയ്റ്റ് മിഡില്‍ടണ്‍ ഇനിയൊരിക്കലും രാജകീയ ഡ്യൂട്ടികളുടെ മുന്‍പന്തിയിലേക്ക് തിരിച്ചെത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ക്യാന്‍സര്‍ രോഗത്തിനെതിരായ ചികിത്സകള്‍ക്ക് ശേഷം വെയില്‍സ് രാജകുമാരി പൊതുരംഗത്തേക്ക് തിരിച്ചെത്തുകയാണ്. വില്ല്യം രാജകുമാരന്റെ ഉറച്ച പിന്തുണയോടെയാണ് ഈ തിരിച്ചുവരവ് സാധ്യമാക്കുക.
ക്യാന്‍സറിനെതിരെ പ്രിവെന്റീവ് കീമോതെറാപ്പി ചികിത്സയിലായിരുന്നു 42-കാരിയായ കെയ്റ്റ്. അഞ്ച് മാസക്കാലമായി പൊതുചുമതലകളില്‍ നിന്നും രാജകുമാരി വിട്ടുനിന്നു. ഇതുവരെ ഏത് തരത്തിലുള്ള ക്യാന്‍സര്‍ ബാധയാണ് പിടികൂടിയതെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
എന്നിരുന്നാലും ഇന്ന് നടക്കുന്ന ട്രൂപ്പിംഗ് ദി കളര്‍ പരേഡില്‍ ചാള്‍സ് രാജാവിനും, കാമില്ല രാജകുമാരിക്കും, മറ്റ് സീനിയര്‍ കുടുംബാംഗങ്ങള്‍ക്കും ഒപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ അവരും ഉണ്ടാകുമെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മടങ്ങിവരവ് സുപ്രധാനമാണെങ്കിലും പൊതുഡ്യൂട്ടികളിലേക്ക് പൂര്‍ണ്ണമായി തിരിച്ചുവരുമെന്ന് കരുതാന്‍ കഴിയില്ല.
രോഗമുക്തി നേടാനുള്ള സമയം സ്വയം അനുവദിച്ച് നല്‍കുകയാണെന്ന് രാജകുമാരി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. മിക്ക ക്യാന്‍സര്‍ രോഗികളെയും പോലെ നല്ല ദിനങ്ങളും, മോശം ദിനങ്ങളുമുണ്ടെന്ന് കെയ്റ്റ് പറയുന്നു. എന്നിരുന്നാലും വരും ദിനങ്ങളില്‍ കൂടുതലായും വര്‍ക്ക് ഫ്രം ഹോം ആരംഭിക്കാനാണ് രാജകുമാരി തയ്യാറെടുക്കുന്നത്. സമ്മറില്‍ ചുരുക്കം ചില പൊതുപരിപാടികളിലും പങ്കെടുക്കും.