ബ്രിട്ടീഷ് കൊട്ടാരത്തില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ചാള്‍സ് രാജാവിനും, മരുമകള്‍ കെയ്റ്റിനും ക്യാന്‍സര്‍ ചികിത്സ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചികിത്സകള്‍ കഴിഞ്ഞ് രാജാവ് പൊതുരംഗത്ത് തിരിച്ചെത്തിയെങ്കിലും വെയില്‍സ് രാജകുമാരി ക്രിസ്മസിന് ശേഷം പൊതുമുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇതിന് ശേഷം ആദ്യമായി ഇന്നലെ നടന്ന ട്രൂപ്പിംഗ് ദി കളറില്‍ രാജാവിനും, രാജകുടുംബത്തിനും ഒപ്പം കെയ്റ്റ് ആദ്യമായി പങ്കെടുത്തു. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും നിറപുഞ്ചിരിയോടെയാണ് കെയ്റ്റ് ആരവം മുഴക്കിയ ജനക്കൂട്ടത്തിന് നേരെ കൈവീശിയത്.
കെയ്റ്റിന്റെ തിരിച്ചുവരവ് രാജകീയ ആരാധകര്‍ ആഘോഷമാക്കി. മഴ പെയ്യുന്ന കാലാവസ്ഥ അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നിലെത്തി. വില്ല്യം രാജകുമാരനും, മക്കള്‍ക്കും ഒപ്പമാണ് കെയ്റ്റ് തിരിച്ചെത്തിയത്. 10 വയസ്സുകാരന്‍ ജോര്‍ജ്ജ് രാജകുമാരനും, 9-കാരി ഷാര്‍ലെറ്റ് രാജകുമാരിക്കും, ആറ് വയസ്സുള്ള ലൂയിസ് രാജകുമാരനുമൊപ്പം തമാശ പറഞ്ഞ് ചിരിച്ച് കൊണ്ടാണ് വെയില്‍ രാജകുമാരി ചടങ്ങില്‍ പങ്കെടുത്തത്.
ആകാശത്ത് റോയല്‍ എയര്‍ഫോഴ്‌സ് 30 മിനിറ്റോളം നീണ്ട അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ക്യാന്‍സര്‍ രോഗത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും, താന്‍ ഇതിനായി സ്വയം സമയം അനുവദിച്ചിരിക്കുകയാണെന്നും കെയ്റ്റ് ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.