ബ്രിട്ടന്റെ പണപ്പെരുപ്പം വീണ്ടും കുറയുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്താക്കി ജൂണ്‍ 2 ശതമാനത്തില്‍ തന്നെ നിരക്കുകള്‍ നിലനിന്നത് തിരിച്ചടിയാകുന്നു. ഇതോടെ 2020ന് ശേഷം ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകര്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കുകയാണ്.
ഹോട്ടല്‍ നിരക്കുകളിലെ വര്‍ദ്ധനവാണ് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോലിലുള്ള പണപ്പെരുപ്പത്തിന് ഒരു സംഭാവന നല്‍കിയത്. സേവന മേഖലയിലെ നിരക്കുകളെ കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആശങ്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. യുഎസ് പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റും, മറ്റ് പെര്‍ഫോമേഴ്‌സും ഒരു മാസത്തിനിടെ യുകെയില്‍ വിപുലമായ പരിപാടികള്‍ നടത്തിയത് ഹോട്ടല്‍ നിരക്കുകളെ സ്വാധീനിച്ചിരുന്നു.
ബ്രിട്ടനില്‍ ഒരു ഘട്ടത്തില്‍ കുത്തനെ ഉയര്‍ന്ന ഹെഡ്‌ലൈന്‍ ഇന്‍ഫ്‌ളേഷന്‍ ഇപ്പോള്‍ യുഎസ്, യൂറോ മേഖലകളേക്കാള്‍ താഴ്ന്ന നിലയിലാണ്. എന്നിരുന്നാലും കോര്‍ ഇന്‍ഫ്‌ളേഷന്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. പുതിയ കണക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ആശ്വസിപ്പിക്കുന്നതല്ല.
ജൂണില്‍ 1.9 ശതമാനമായി പണപ്പെരുപ്പം താഴുമെന്നായിരുന്നു പ്രതീക്ഷ. സേവനങ്ങളിലെ ഇന്‍ഫ്‌ളേഷന്‍ 5.7 ശതമാനമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. മേയില്‍ നിന്നും ഇതിന് മാറ്റം വന്നിട്ടില്ല. ഇതോടെ ആഗസ്റ്റ് 1ന് അടുത്ത മോണിറ്ററി പോളിസി യോഗം ചേരുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കുന്ന പ്രഖ്യാപനം എത്തുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ താഴ്ത്തുകയാണ്.