ബ്രിട്ടനിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞ് പുതിയ തടവുകാരെ പാര്‍പ്പിക്കാന്‍ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഈ ഘട്ടത്തില്‍ നിലവിലുള്ള തടവുകാരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിട്ടയയ്ക്കുകയാണ് ഗവണ്‍മെന്റ് പരിഗണനയിലുള്ള പദ്ധതി. എന്നാല്‍ അഞ്ച് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 1700 പേരെയും സ്‌കീമിന്റെ ഭാഗമായി പുറത്തുവിടുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത് ആശങ്കയായി മാറുകയാണ്.
ഈ സ്‌കീമില്‍ പുറത്തിറങ്ങുന്ന കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് മാത്രമല്ല, നീതിന്യായ വ്യവസ്ഥയോടുള്ള പൊതുവിശ്വാസം തകര്‍ക്കാനും കാരണമാകുമെന്ന് ഗവണ്‍മെന്റ് സമ്മതിക്കുന്നു. സെപ്റ്റംബര്‍ ആദ്യവും, ഒക്ടോബറിലും ഏകദേശം 5500 കുറ്റവാളികളെ പുറത്തുവിടും. ജയിലുകള്‍ തിങ്ങിനിറയുന്ന പ്രതിസന്ധി മറികടക്കാനാണ് വിവാദ പദ്ധതി.
ജയിലുകളിലെ അടിയന്തര സാഹചര്യത്തെ കുറിച്ച് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് കോമണ്‍സില്‍ പ്രസ്താവന നടത്തി. തടവുകാരുടെ ശിക്ഷ 50 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള റിവ്യൂകളാണ് അടുത്ത 18 മാസത്തില്‍ നടത്തുന്ന താല്‍ക്കാലിക നടപടികളെന്ന് ഇവര്‍ പറഞ്ഞു.
എന്നാല്‍ ഈ കാലയളവ് വളരെ ദീര്‍ഘമാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് ജസ്റ്റിസ് വക്താവ് അലിസ്‌റ്റെയര്‍ കാര്‍മൈക്കിള്‍ ജസ്റ്റിസ് സെക്രട്ടറിയെ ഓര്‍മ്മിപ്പിച്ചു. ഒക്ടോബറോടെ അഞ്ച് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിക്കേണ്ട 1700 തടവുകാരും പുറത്തുവരുമെന്ന് ജസ്റ്റിസ് മന്ത്രാലയത്തിന്റെ ആഘാത പഠനം വ്യക്തമാക്കുന്നുണ്ട്. ഗുരുതര കവര്‍ച്ചകള്‍, മയക്കുമരുന്ന് ഡീലര്‍മാര്‍, തട്ടിപ്പുകാര്‍ എന്നിവരാണ് ഈ വിധത്തില്‍ പുറത്തെത്തുക.