പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് നടപ്പാക്കാനായി 10 ബില്ല്യണ്‍ പൗണ്ടിന്റെ പുതിയ നികുതി വര്‍ദ്ധനവുകള്‍ക്ക് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നഴ്‌സുമാര്‍ മുതല്‍ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വര്‍ദ്ധനവുകളാണ് സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, ടീച്ചിംഗ് ജീവനക്കാര്‍ക്കും 5.5 ശതമാനം വര്‍ദ്ധനവുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മന്ത്രിമാര്‍ 3 ശതമാനം ശമ്പളവര്‍ദ്ധനവ് ബജറ്റ് ചെയ്തിരിക്കുമ്പോഴാണ് ഇത്. സ്വതന്ത്ര റിവ്യൂ ബോഡികള്‍ നിര്‍ദ്ദേശിച്ച വര്‍ദ്ധന അനുവദിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നിര്‍ബന്ധിതമാകും, മറിച്ചായാല്‍ കൂടുതല്‍ സമരങ്ങള്‍ പിന്നാലെ എത്തും.
മന്ത്രിമാര്‍ കൂടുതല്‍ പണം അനുവദിച്ചില്ലെങ്കില്‍ പണിമുടക്ക് വരുമെന്ന് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കും, എന്‍എച്ച്എസിനും മാത്രം 3.5 ബില്ല്യണ്‍ പൗണ്ട് ചെലവാണ് ഇതിനായി ഗവണ്‍മെന്റിന് കണ്ടെത്തേണ്ടി വരുന്നത്. മുഴുവന്‍ പൊതുമേഖലയ്ക്കുമായി ശമ്പളവര്‍ദ്ധന നല്‍കാന്‍ 10 ബില്ല്യണ്‍ പൗണ്ടിന്റെ ബില്ലാണ് നേരിടുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ പറഞ്ഞു.
ഇതിനുള്ള പണം എവിടെ നിന്നും വരും? ഉയര്‍ന്ന കടമെടുപ്പിലൂടെയാണ് ഇത് നടപ്പാക്കാന്‍ സാധിക്കുക. കൂടാതെ പദ്ധതിയിട്ടതിലും ഉയര്‍ന്ന നികുതിയും, മറ്റ് ഭാഗങ്ങളില്‍ ചെലവ് ചുരുക്കലും വേണ്ടിവരും, അല്ലാതെ മറ്റ് ഓപ്ഷനൊന്നും ഇല്ല', പോള്‍ ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചു.