മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ യുവാവിന്റെ മുഖത്ത് പോലീസ് ഓഫീസര്‍ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദവും, വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ യുവാക്കള്‍ കൂട്ടമായി മറ്റ് ഓഫീസര്‍മാരെ അക്രമിച്ചതോടെ പ്രതിരോധിക്കാനെത്തിയ ഓഫീസര്‍മാര്‍ക്കാണ് ഈ വിധത്തില്‍ തിരിച്ചടിക്കേണ്ടി വന്നതെന്നാണ് പുതിയ ദൃശ്യങ്ങള്‍ തെളിവാകുന്നത്.
പോലീസുകാരന്‍ യുവാവിനെ ചവിട്ടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പുള്ള ദൃശ്യങ്ങളിലാണ് പോലീസുകാരെ ഏതാനും യുവാക്കള്‍ വളഞ്ഞിട്ട് അക്രമിക്കുന്നതായി വ്യക്തമായത്. ഒരു കസേരയില്‍ ഇരിക്കുകയായിരുന്ന ഓഫീസറെ ഒരാള്‍ ഇടിക്കുന്നതും, മറ്റൊരു വനിതാ ഓഫീസറെ മുഖത്തിട്ട് ഇടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ടെര്‍മിനല്‍ 2-ലെ ടിക്കറ്റ് മെഷീന് ചുറ്റും തമ്പടിച്ച ഒരു സംഘം ആളുകളുടെ അരികിലെത്തിയ മൂന്ന് പോലീസുകാര്‍ കൂട്ടത്തിലൊരാളെ ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതായി വീഡിയോ വ്യക്തമാക്കുന്നു. പുരുഷ ഓഫീസര്‍ മുഖത്തിട്ട് ചവിട്ടിയ 19-കാരന്‍ മുഹമ്മദ് ഫാഹിറാണ് ഇതെന്നാണ് കരുതുന്നത്. ഇയാള്‍ പ്രതിരോധിച്ചതോടെ പോലീസുകാര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെയാണ് മറ്റൊരു പുരുഷന്‍ വിഷയത്തില്‍ ഇടപെട്ട് പുരുഷ ഓഫീസറെ അക്രമിക്കുന്നത്.
ആറ് തവണ തന്നെ ഇടിച്ച അക്രമിയെ ടേസര്‍ ചെയ്താണ് ഓഫീസര്‍ രക്ഷപ്പെടുന്നത്. ഈ സമയത്ത് ഫാഹിര്‍ വനിതാ ഓഫീസറുടെ മുഖത്ത് തുടര്‍ച്ചയായി ഇടിച്ച് വീഴ്ത്തി. പല ഭാഗത്ത് നിന്നായി അക്രമം നേരിട്ടതോടെ ഓഫീസര്‍മാര്‍ പ്രതിരോധിക്കാന്‍ പാടുപെട്ടു. ഫാഹിറിനെ തലയില്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ മാഞ്ചസ്റ്ററില്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
എന്നാല്‍ പോലീസുകാരെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനം രൂക്ഷമാകുകയാണ്. വനിതാ ഓഫീസറുടെ മൂക്കിന്റെ പാലം തകര്‍ന്നതായും, മറ്റൊരു ഓഫീസര്‍ക്ക് പരുക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും ജിഎംപി വ്യക്തമാക്കി. പാകിസ്ഥാനികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്.