പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കാനും, നികുതി വര്‍ദ്ധനവ് നടപ്പാക്കാനും, സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വൈകിപ്പിക്കാനും വഴിയൊരുക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ലേബര്‍ ഗവണ്‍മെന്റ് ടോറികളില്‍ നിന്നും ഏറ്റെടുത്ത ഭാരം മൂലമാണ് ഈ അവസ്ഥ നേരിട്ടതെന്നാണ് റീവ്‌സിന്റെ നിലപാട്.
40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള ബോറിസ് ജോണ്‍സന്റെ പദ്ധതി ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെയ്ക്കാനാണ് ചാന്‍സലറുടെ നീക്കം. കൂടാതെ 'ഓഫീസ് ഓഫ് വാല്യൂ ഫോര്‍ മണി' ആരംഭിച്ച് സിവില്‍ സര്‍വ്വീസ് ശ്രോതസ്സുകളെ നിയോഗിച്ച് ഈ സാമ്പത്തിക വര്‍ഷം ലാഭിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തിരിച്ചറിയുകയാണ് ഉദ്ദേശം.
കൂടാതെ അമിതമായി കൈവശമുള്ള പൊതു പ്രോപ്പര്‍ട്ടികള്‍ വിറ്റഴിക്കാനും, കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് അനിവാര്യമല്ലാത്ത ചെലവുകള്‍ നിര്‍ത്തലാക്കാനും നടപടിയുണ്ടാകും. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ 'മുണ്ടുമുറുക്കി' ഉടുത്തുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കല്ലെന്ന് ട്രഷറി ശ്രോതസ്സുകള്‍ അവകാശപ്പെട്ടു.
14 വര്‍ഷത്തെ വാഗ്ദാനങ്ങളുടെ പേരില്‍ പൊതുഖജനാവിന് നേരിട്ട് 20 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് പരിഹരിക്കുകയാണ് ഉദ്ദേശമെന്നും ഇവര്‍ പറയുന്നു. അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും 5.5% ശമ്പളവര്‍ദ്ധന നല്‍കാനുള്ള പദ്ധതിക്ക് ചാന്‍സലര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.