വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്സി. സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പൂജയ്‌ക്കെതിരായ നടപടി. സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നതില്‍ നിന്നും പൂജയ്ക്ക് ആജീവനാന്ത വിലക്കും യുപിഎസ്സി ഏര്‍പ്പെടുത്തി.
സിവില്‍ സര്‍വീസ് പരീക്ഷയുടെ ചട്ടങ്ങള്‍ പൂജ ലംഘിച്ചതായി തെളിഞ്ഞുവെന്ന് യുപിഎസ്സി പ്രസ്താവനയില്‍ അറിയിച്ചു. പൂജയ്‌ക്കെതിരായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് യുപിഎസ്സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍മേല്‍ മറുപടി ജൂലൈ 25നകം വിശദീകരണം നല്‍കണമെന്നായിരുന്നു പൂജയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമയം ഓഗസ്റ്റ് നാല് വരെ നീട്ടി നല്‍കണമെന്ന് പൂജ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് ജൂലൈ 30 വരെ യുപിഎസ്സി സമയം അനുവദിക്കുകയും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പൂജയുടേതായി കൈവശമുള്ള രേഖകള്‍ യുപിഎസ്സി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ഇവര്‍ 2022 ലെ സിഎസ്ഇ ചട്ടങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞതോടെയാണ് നടപടി. മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്ക്കെതിരായ ആരോപണം. അതിനിടെ 2020, 2023 വര്‍ഷങ്ങളിലെ പൂജയുടെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അപേക്ഷാ ഫോമില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പൂജയുടെ പേരിലും വയസിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
2009 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ 15000ത്തിലേറെ പേരുടെ വിവരങ്ങളാണ് പൂജ ഖേദ്കറിന്റെ വിവാദത്തിന് പിന്നാലെ യുപിഎസ്സി പരിശോധിച്ചത്. മറ്റൊരാളും കൃത്രിമം കാട്ടി അനുവദിച്ചതിലുമധികം തവണ പരീക്ഷയെഴുതുകയോ മറ്റ് ക്രമക്കേടുകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പാനല്‍ കണ്ടെത്തി. സ്വന്തം പേരിന് പുറമെ മാതാപിതാക്കളുടെ പേരും പൂജ വ്യത്യസ്തമായാണ് നല്‍കിയിരുന്നതെന്നതിനാല്‍ പൂജ എത്ര തവണ പരീക്ഷയെഴുതിയിട്ടുണ്ടെന്ന് യുപിഎസ്സിക്കും സ്ഥിരീകരിക്കാനായിട്ടില്ല.