മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ട സീരിയല്‍ ക്യാമറാമാന്‍ ഷിജുവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ സീരിയല്‍ താരം സീമാ ജി നായര്‍.
'നിരവധി സീരിയലുകളില്‍ ഫോക്കസ് പുള്ളറായ ഷിജുവും വയനാട് ദുരന്തത്തില്‍ പെട്ടിരുന്നു... ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തി... ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി' -എന്നാണ് സീമയുടെ കുറിപ്പ്.
സൂര്യ ഡിജിറ്റല്‍ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവിന്റെ മരണവാര്‍ത്ത മലയാള സിനിമയുടെ ഡയറക്ടേഴ്‌സ് യൂണിയനായ ഫെഫ്ക ആണ് അറിയിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്.
ഷിജുവിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവര്‍ത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു.