സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളുടെ കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്നു. ബ്രിട്ടനിലെ തെരുവുകളില്‍ തീ ആളിക്കത്തിച്ച് തീവ്രവലത് അനുകൂലികള്‍ രംഗത്തിറങ്ങിയതിന് പിന്നാലെ മറുപടി പ്രതിഷേധങ്ങളുമായി മുസ്ലീം വിഭാഗങ്ങള്‍ തെരുവിലിറങ്ങുകയാണ്. ബര്‍മിംഗ്ഹാമിലും, പ്ലൈമൗത്തിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
ഇതോടെ തീവ്രവലതുകാരും, മുസ്ലീം വിഭാഗങ്ങളും പോരാട്ടത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി. ഇന്നലെ ബര്‍മിംഗ്ഹാമിലെ ഒരു പള്ളിക്ക് മുന്നിലേക്കാണ് നൂറുകണക്കിന് മുസ്ലീങ്ങള്‍ എത്തിയത്. തീവ്രവലത് അനുകൂലികള്‍ ഇവിടെ എത്തുമെന്ന് ഓണ്‍ലൈനില്‍ നടന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ഇത്. പല ഭാഗങ്ങളില്‍ നിന്നായി എത്തിയ മുസ്ലീങ്ങളില്‍ ചിലര്‍ പ്രദേശത്തെ ഒരു പബ്ബ് അടിച്ചുതകര്‍ത്തു.
പ്ലൈമൗത്തില്‍ ആറ് അറസ്റ്റുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു. രണ്ട് വിഭാഗങ്ങളില്‍ പെട്ട പ്രതിഷേധക്കാരെ അകറ്റിനിര്‍ത്താന്‍ 150 ഓഫീസര്‍മാരെ നിയോഗിച്ചതായും കമ്മാന്‍ഡിംഗ് ഓഫീസര്‍ വ്യക്തമാക്കി. അക്രമങ്ങളുടെ പിന്നണിയില്‍ കൊള്ളയും തുടരുന്നതിനാല്‍ ഹഡേഴ്‌സ്ഫീല്‍ഡില്‍ ബിസിനസ്സുകള്‍ സമയം പൂര്‍ത്തിയാക്കാതെ ഷട്ടറിട്ടു.
പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ കാര്‍ഫാക്‌സ് ടവറിന് സമീപത്തുള്ള സിറ്റി സെന്റര്‍ ഒഴിവാക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ബര്‍മിംഗ്ഹാമിലെ ഒരു ജിപി സര്‍ജറിയും നൂറുകണക്കിന് മുസ്ലീങ്ങള്‍ എതിരാളികളെ നേരിടാന്‍ എത്തിയതോടെ പൂട്ടി. തീവ്രവലത് വിഭാഗങ്ങളെ നേരിടാന്‍ മുസ്ലീങ്ങളും ഇറങ്ങിയതോടെ കലാപം അതിരുവിടുമെന്നാണ് ആശങ്ക.
സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ മലയാളികള്‍ ഒത്തുകൂടി മലയാളം സംസാരിച്ച് ഇംഗ്ലീഷുകാരെ പ്രകോപിപ്പിക്കരുതെന്ന് മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി യുവാവിന് നേരെ ഒരു കൂട്ടം കൗമാരക്കാര്‍ അക്രമം നടത്തിയ സാഹചര്യത്തിലാണ് ഒറ്റപ്പെട്ട് നഗരങ്ങളില്‍ ചുറ്റിത്തിരിയുന്നതും, പ്രദേശവാസികളെ പ്രകോപിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും മലയാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്.