ഏതാനും ദിവസങ്ങളായി ബ്രിട്ടനിലെ തെരുവുകളില്‍ അരാജകത്വം വിതയ്ക്കുകയാണ് തീവ്രവലത് അനുകൂലികള്‍. സൗത്ത്‌പോര്‍ട്ടിലെ കത്തിക്കുത്ത് കൊലപാതകങ്ങളുടെ പേരില്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ രോഷം വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. ഇമിഗ്രേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ അക്രമിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത പരന്നതിന് പിന്നാലെ ബ്രിട്ടനിലെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധവുമായി രംഗത്തിറങ്ങിയതോടെ പോലീസിനെ കൊണ്ട് സാധിക്കാത്തത് യാഥാര്‍ത്ഥ്യമായി.
ബ്രിട്ടനില്‍ വിദ്വേഷമല്ല, സ്‌നേഹമാണുള്ളതെന്ന് ഓര്‍മ്മിപ്പിച്ച് ആയിരങ്ങളാണ് തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. ജനം എതിരാണെന്ന് തിരിച്ചറിഞ്ഞതോടെ നൂറുകളില്‍ മാത്രം ഒതുങ്ങുന്ന അക്രമിസംഘങ്ങള്‍ മാളത്തിലേക്ക് പിന്‍വലിഞ്ഞു. ഇമിഗ്രേഷന്‍ സെന്ററുകള്‍ അക്രമിക്കുമെന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമല്ലെന്ന തരത്തിലേക്ക് ഇവര്‍ ശബ്ദം മയപ്പെടുത്തി.
38 ഇടങ്ങളിലായി നൂറോളം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള തീവ്രവലത് ശ്രമങ്ങളാണ് ജനകീയ പ്രതിരോധത്തില്‍ ഉടഞ്ഞത്. ടെലിഗ്രാം പോലുള്ള ആപ്പുകളില്‍ നിന്നും തീവ്രവലത് ഗ്രൂപ്പുകള്‍ പലതും ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. 2011 കലാപങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പോലീസ് സന്നാഹങ്ങളാണ് കൂടുതല്‍ കലാപങ്ങളെ ചെറുക്കാനായി പോലീസ് ഒരുക്കിയത്. എന്നാല്‍ രാത്രി 8 മണിയായിട്ടും അക്രമിസംഘങ്ങള്‍ പുറത്തിറങ്ങിയില്ല.
യുകെ നഗരങ്ങളില്‍ മറുപടി പ്രതിഷേധവുമായി 25,000-ലേറെ വംശീയതാ വിരുദ്ധ ആക്ടിവിസ്റ്റുകള്‍ ഒത്തുകൂടിയതാണ് വിദ്വേഷ പ്രചാരകരെ ഒതുക്കിയതെന്നാണ് കരുതുന്നത്. കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാരെ കടത്തിവെട്ടുന്ന തോതിലാണ് എതിര്‍പക്ഷത്ത് ജനം ഒത്തുചേര്‍ന്നത്. ഇതോടെ ബ്രിട്ടന്‍ വിദ്വേഷത്തിന് അനുകൂലമല്ലെന്ന് ശക്തമായ സന്ദേശമാണ് നല്‍കുന്നത്.