റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനം അപകടത്തില്‍ പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ മനഃപ്പൂര്‍വ്വം ഇത്തരം അപകടങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സൂക്ഷിക്കാതെ തരമില്ല. കാറുകളില്‍ മോപ്പഡുകള്‍ ഇടിച്ചുകയറ്റി അപകടം സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പണത്തിനായി അപകടം സൃഷ്ടിച്ച് കെണിയില്‍ പെട്ടത് 4000 പേരാണെന്ന് 21 ഇന്‍ഷുറര്‍മാര്‍ക്ക് ലഭിച്ച വ്യാജ ക്ലെയിമുകളുടെ കണക്കുകള്‍ പറയുന്നു. ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോ, സിറ്റി ഓഫ് ലണ്ടന്‍ പോലീസിന്റെ ഇന്‍ഷുറന്‍സ് ഫ്രോഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരാണ് ഇന്‍ഷുറന്‍സ് മേഖലയെ ലക്ഷ്യമിട്ട് അരങ്ങേറുന്ന 'പണത്തിനായി അപകടം സൃഷ്ടിക്കുന്ന' കേസുകള്‍ അന്വേഷിക്കുന്നത്.
ലണ്ടനില്‍ താമസിക്കുന്ന ആളുകളെയാണ് മോപ്പഡ് സംഘങ്ങള്‍ പ്രത്യേകിച്ച് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതതരമൊരു തട്ടിപ്പ് അരങ്ങേറുന്നതിനെ കുറിച്ച് അധികം ബോധ്യമില്ലാത്ത യുകെയിലെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ മനഃപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നുണ്ട്. അപകടത്തിന് കാരണം കാര്‍ ഡ്രൈവര്‍മാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കും.
ചില സംഭവങ്ങളില്‍ ക്ലെയിമിന് പോകുന്നതിന് പകരം ഇരകളില്‍ നിന്നും പണം പിടുങ്ങാനും ശ്രമം നടത്തും. പ്രശ്‌നക്കാരല്ലെന്ന് തോന്നുന്ന ആളുകളില്‍ നിന്നുമാണ് ഇതിന് ശ്രമിക്കുക. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നതായി ഐഎഫ്ബി ഡയറക്ടര്‍ ഉര്‍സുല ജാലോ പറഞ്ഞു. സ്ത്രീകള്‍ ഒറ്റയ്‌ക്കോ, കുട്ടികളുമായോ യാത്ര ചെയ്യുമ്പോഴാണ് പ്രധാനമായും തട്ടിപ്പുകാര്‍ നോട്ടമിടുക.