ചെറിയ കുട്ടികള്‍ പോലും വംശവെറി പുലര്‍ത്തുന്നവരായി മാറുമ്പോള്‍ യുകെയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ആശങ്ക. 80-കാരനായ ഇന്ത്യന്‍ വംശജന്‍ വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയതിന് പിന്നാലെ അക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. കേസില്‍ 14-കാരനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
ലെസ്റ്ററിലെ ബ്രൗണ്‍സ്‌റ്റോണ്‍ ടൗണിലുള്ള ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ നായയുമായി നടക്കവെയാണ് ഞായറാഴ്ച വൈകുന്നേരം 6.30-ഓടെ 80-കാരനായ ഭീം സെന്‍ കോഹ്ലി അക്രമത്തിന് ഇരയായത്. പിന്നീട് ആശുപത്രിയില്‍ വെച്ച് ഇദ്ദേഹം മരണപ്പെട്ടു.
ദാരുണമായ കൊലപാതകത്തില്‍ അന്വേഷണം നടത്തിയ ലെസ്റ്റര്‍ഷയര്‍ പോലീസ് അഞ്ച് കുട്ടികളെയാണ് വംശവെറി അക്രമണത്തില്‍ അറസ്റ്റ് ചെയ്തിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം 14-കാരനായ ആണ്‍കുട്ടിയെ ഒഴികെയുള്ളവരെ വിട്ടയച്ചു. ഇപ്പോള്‍ ഈ കുറ്റവാളിക്ക് എതിരെ കൊലക്കുറ്റം ചുമത്തിയതായാണ് റിപ്പോര്‍ട്ട്.
കോഹ്ലിയുടെ 73-കാരി ഭാര്യ സതീന്ദറും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ചേര്‍ന്ന് സംഭവസ്ഥലത്ത് പൂക്കള്‍ അര്‍പ്പിച്ചു. 80-ാം വയസ്സിലും വളരെ ആക്ടീവായി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു കോഹ്ലിയെന്ന് കുടുംബം ലെസ്റ്റര്‍ഷയര്‍ പോലീസ് വഴി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 40 വര്‍ഷക്കാലമായി ഈ സ്ഥലത്ത് യാതൊരു പ്രശ്‌നവും കൂടാതെ ജീവിച്ച് വന്ന ശേഷമാണ് കഴിഞ്ഞ ദിവസം വംശവെറി പൂണ്ട കുട്ടികളുടെ അക്രമത്തില്‍ 80-കാരന് ജീവഹാനി നേരിട്ടത്.