യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ രൂക്ഷമായ വാഗ്വാദം. ഇരു സ്ഥാനാര്‍ഥികളും കൈകൊടുത്ത് പരസ്പര ബഹുമാനത്തോടെ ആരംഭിച്ച സംവാദം മിനിറ്റുകള്‍ക്കകം വന്‍ തര്‍ക്കത്തിന് വഴിവെച്ചു. യുഎസ് സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ആരംഭിച്ച സംവാദത്തില്‍, ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍, കൊവിഡ്, ഗാസ യുദ്ധം, അഫ്ഗാനിസ്ഥാനില്‍നിന്നുള്ള അമേരിക്കല്‍ സൈന്യത്തിന്റെ പിന്മാറ്റം, ഗര്‍ഭഛിദ്രാവകാശം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും കൊമ്പുകോര്‍ത്തു.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ആദ്യ സംവാദമാണ് ചൂടേറിയ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഫിലാഡെല്‍ഫിയയില്‍ പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്കാണ് 90 മിനിറ്റ് നീണ്ട സംവാദത്തിന് തുടക്കമായത്. എബിസി ന്യൂസിന്റെ ഡേവിഡ് മുയറും ലിന്‍സി ഡേവിസും മോഡറ്റേര്‍മാരായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം ഇഞ്ചോടിഞ്ച് ആയതിനാല്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും സംവാദത്തിലെ പ്രകടനം നിര്‍ണായകമാണ്.
അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള വാഗ്വാദം, കുടിയേറ്റം, ക്യാപ്പിറ്റല്‍ ആക്രമണം, ഗര്‍ഭഛിദ്ര നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ഏറ്റുമുട്ടി. കമല ഹാരിസിനെ മാര്‍ക്‌സിസ്റ്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ട്രംപിനോടുള്ള അമേരിക്കന്‍ ജനതയുടെ മടുപ്പിന്റെ സൂചനയാണ് റാലികളില്‍ കാണുന്ന ജനങ്ങളുടെ കുറവെന്നായിരുന്നു കമലയുടെ പ്രതിരോധം. ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണ് എന്നും കമല ഹാരിസ് തുറന്നടിച്ചു.
അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക എന്ന ട്രംപിന്റെ നയങ്ങളെയും കമല ഹാരിസ് വിമര്‍ശിച്ചു. ഏറ്റവും മോശമായ തൊഴിലില്ലായ്മയാണ് ട്രംപ് ഭരണകാലം സമ്മാനിച്ചത്, ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യം ചെയ്തത് ഈ സാഹചര്യം ഇല്ലാതാക്കുക എന്നതായിരുന്നു. എന്നാല്‍, രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതിരോധം. ബൈഡന്‍ ഭരണകാലം ഇടത്തരകക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
കുടിയേറ്റ വിഷയത്തിലേ ചര്‍ച്ചയില്‍ മെക്‌സികന്‍ കുടിയേറ്റത്തെ ഭ്രാന്തന്‍മാരുടെ കുടിയേറ്റം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാനുള്ള സുപ്രീംകോടതി വിധിയിലായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍ എത്തിനിന്നത്. ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങളുടെ അധികര പരിധിയില്‍ നിലനില്‍ക്കണം എന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വച്ചത്.
ക്യാപ്പിറ്റല്‍ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്ന് ആക്രമണത്തെ കമല വിശേഷിപ്പിച്ചു. കമല ജയിച്ചാല്‍ രണ്ടു വര്‍ഷത്തിനകം ഇസ്രയേല്‍ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു.