എതിര്‍പ്പുകള്‍ എത്ര ഉച്ചത്തിലായാലും എന്‍എച്ച്എസില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍. പൊതുജനാരോഗ്യ പ്രക്രിയയില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന നിലയിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഹെല്‍ത്ത് സര്‍വ്വീസ് ഗുരുതരാവസ്ഥയിലാണെന്ന് പ്രധാന അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
എന്‍എച്ച്എസിനെ ശരിപ്പെടുക്കാന്‍ വിവാദ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്യാന്‍സര്‍ സര്‍ജനും, മുന്‍ ലേബര്‍ മന്ത്രിയുമായിരുന്ന ലോര്‍ഡ് ഡാര്‍സി നടത്തിയ സ്വതന്ത്ര അന്വേഷണത്തിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ക്ക് പ്ലാസ്റ്റര്‍ ഒട്ടിക്കുകയല്ല, പ്രധാന സര്‍ജറി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കിംഗ്‌സ് ഫണ്ടില്‍ പ്രസംഗിച്ച സ്റ്റാര്‍മര്‍ വ്യക്തമാക്കി. രോഗങ്ങളിലേക്ക് നയിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് വരിക. പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാത്ത പക്ഷം എന്‍എച്ച്എസ് മരിക്കും, മാറ്റങ്ങള്‍ക്കായി 10 വര്‍ഷം ആവശ്യമാണ്. ദീര്‍ഘകാല പദ്ധതി നടപ്പാക്കാനുള്ള ധൈര്യം കാണിക്കണം, അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസ് മോശം അവസ്ഥയിലാണെന്നും, എ&ഇയിലെ കാത്തിരിപ്പുകള്‍ വര്‍ഷത്തില്‍ 14,000 ജീവനുകള്‍ അധികമായി അപഹരിക്കുന്നുവെന്നും ഡാര്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് 10 വര്‍ഷത്തെ പദ്ധതി നടപ്പാക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്. ആരോഗ്യപരമായ ജീവിതശൈലി ഉറപ്പാക്കുന്നത് ഉള്‍പ്പെടെ ഇതില്‍ പെടുമെന്ന് സ്റ്റാര്‍മര്‍ പറയുന്നു. പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായില്ലെങ്കില്‍ എന്‍എച്ച്എസിന് അധികം പണം നല്‍കില്ലെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.