ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നതോടെ യൂണിയനുകളുടെ വിളയാട്ടമാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന മുന്നറിയിപ്പ്. ഇത് ശരിവെയ്ക്കുന്ന വിധത്തില്‍ ശമ്പളവര്‍ദ്ധനയും, തൊഴില്‍ അവകാശങ്ങളും വാരിക്കോരി ദാനം ചെയ്യാന്‍ സ്റ്റാര്‍മര്‍ തയ്യാറാകുകയും ചെയ്തു. എന്നാല്‍ കിട്ടിയ അവസരത്തില്‍ എല്ലാം പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിച്ച് യൂണിയനുകള്‍ പിടിമുറുക്കിയതോടെയാണ് ലേബര്‍ ഗവണ്‍മെന്റും പ്രതിരോധിക്കുകയാണ്.
യൂണിയനുകള്‍ ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചതിന് പിന്നാലെയാണ് പണിമുടക്കുമെന്ന മറുഭീഷണിയുമായി ജിപിമാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി തങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജിപി കമ്മിറ്റി ചെയര്‍മാന്‍ ഡോ. കാറ്റി ബ്രമാല്‍ സ്‌റ്റെയ്‌നര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഫണ്ടിംഗും, പുതിയ കരാറും സംബന്ധിച്ച തര്‍ക്കങ്ങളുടെ പേരില്‍ എന്‍എച്ച്എസിനെ സ്തംഭിപ്പിക്കുന്ന തരത്തില്‍ ജോലി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഇംഗ്ലണ്ടില്‍ ഉടനീളമുള്ള സര്‍ജറികള്‍. പത്തിന നടപടികള്‍ മുന്നോട്ട് വെച്ചിട്ടുള്ള ബിഎംഎ ഡോക്ടര്‍മാരോട് ഇതില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യമായ സമരമുറ തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദിവസേന നല്‍കുന്ന അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം പകുതിയായി ചുരുക്കി 25 രോഗികളെ മാത്രം കാണാനും, ചില എന്‍എച്ച്എസ് നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ ഇതില്‍ പെടും.
എന്നാല്‍ ജിപിമാരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ പ്രതികരണം കടുപ്പിക്കുമെന്ന് ഡോ. ബ്രമാല്‍ സ്‌റ്റെയ്‌നര്‍ വ്യക്തമാക്കി. നിലവിലെ നടപടികള്‍ സമരത്തിന് തുല്യമല്ലെന്നും, ആഗ്രഹിച്ചത് കിട്ടിയില്ലെങ്കില്‍ ഈ ചുവടുവെയ്ക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ജിപി പാര്‍ട്ണര്‍മാര്‍ ശരാശരി 140,200 പൗണ്ട് നേടുന്നതായി എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് ഈ നിലപാട്.