ബ്രിട്ടനിലെ വാടക നിരക്കുകള്‍ കുടിയേറ്റക്കാരെ ഉള്‍പ്പെടെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. നിരക്കുകള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്നത് ജോലി ചെയ്ത് കിട്ടുന്ന പണത്തിന്റെ വലിയൊരു ഭാഗം തിന്നുന്ന അവസ്ഥയാണ്. ഇതിനിടെയാണ് കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടെ ഇംഗ്ലണ്ടിലെ വാടക നിരക്കുകളിലെ നോര്‍ത്ത്-സൗത്ത് വ്യത്യാസത്തിലുള്ള വിടവ് കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രോപ്പര്‍ട്ടി കമ്പനിയായ ഹാംപ്ടണ്‍സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നോര്‍ത്ത് ഇംഗ്ലണ്ടിലെ ശരാശരി വാടക നിരക്കുകള്‍ ആഗസ്റ്റില്‍ പ്രതിമാസം 960 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.6% വര്‍ദ്ധനവാണ് ഈ നിരക്കില്‍ രേഖപ്പെടുത്തിയത്.
അതേസമയം രാജ്യത്തിന്റെ സൗത്ത് ഭാഗങ്ങളില്‍ ശരാശരി വാടകക്കാര്‍ നല്‍കുന്ന 1317 പൗണ്ടിനെ അപേക്ഷിച്ച് 37% കുറവാണ് ഈ നിരക്ക്. 2013 മുതല്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ഹാപ്ടണ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ വിടവാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് വ്യത്യാസമായ 43 ശതമാനത്തില്‍ നിന്നും ശക്തമായ കുറവാണിത്.
2021-ല്‍ 51 ശതമാനത്തിലെത്തിയ വ്യത്യാസമാണ് ചുരുങ്ങിയത്. സൗത്ത് മേഖലയില്‍ വാടക വര്‍ദ്ധിക്കുന്നത് തുടരുകയാണ്. ഈ വര്‍ഷം 5 ശതമാനമാണ് നിരക്ക് ഉയര്‍ന്നത്.