18 മാസക്കാലമായി നീളുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളതര്‍ക്കത്തില്‍ ഒടുവില്‍ പരിസമാപ്തി. ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 22% ശമ്പളവര്‍ദ്ധന അംഗീകരിക്കാന്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66% അംഗങ്ങളാണ് ഓഫര്‍ സ്വീകരിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
18 മാസത്തിനിടെ 11 തവണയായി പണിമുടക്ക് സംഘടിപ്പിച്ച ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ വമ്പര്‍ കരാര്‍ കൈക്കലാക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 22 ശതമാനം വര്‍ദ്ധനവാണ് കരാറായിരിക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധനവുകള്‍ പ്രതീക്ഷിക്കുന്നതായും, ഇത് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ബിഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് പോലും ബിഎംഎ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയില്ല. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ജൂലൈ അവസാനം നല്‍കിയ ഓഫറാണ് ബിഎംഎ അംഗീകരിച്ചത്. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ വര്‍ദ്ധിപ്പിച്ച ഓഫര്‍ മുന്നോട്ട് വെയ്ക്കുകയായിരുന്നു.
ഓഫര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തര്‍ക്കങ്ങള്‍ നിലനിന്ന വിഷയം ഈ വിധത്തില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതും ഹെല്‍ത്ത് സെക്രട്ടറിയുടെ നേട്ടമാണ്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ആദ്യ ചുവടാണ് ഇതെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കി.