കൊവിഡ് മഹാമാരി എന്‍എച്ച്എസിലെ നഴ്‌സിംഗ് ജീവനക്കാരെ ചെറുതായൊന്നുമല്ല ഉലച്ചുകളഞ്ഞത്. ഒപ്പം ജോലി ചെയ്തവര്‍ രോഗം ബാധിച്ച് മരിക്കുകയോ, രോഗം മൂലം കിടപ്പിലാകുകയോ ചെയ്തതോടെ ജോലിക്ക് എത്തുന്നവര്‍ ഈ ഭാരം മുഴുവന്‍ ചുമക്കേണ്ട അവസ്ഥ നേരിട്ടിരുന്നു. മഹാമാരിയുടെ ഭാരം ചുമക്കേണ്ടി വന്നത് നഴ്‌സുമാരാണെന്നാണ് കൊവിഡ് അന്വേഷണ കമ്മീഷന്‍ മുന്‍പാകെ ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് നഴ്‌സ് ഡെയിം റൂത്ത് മേയ് വ്യക്തമാക്കിയിരിക്കുന്നത്.
കുറഞ്ഞ തോതിലുള്ള ജീവനക്കാരും, സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും ചേര്‍ന്ന് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്ന് റൂത്ത് മേയ് പറയുന്നു. 2020 മുതല്‍ തന്നെ എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ട്. ഇതില്‍ പ്രധാന കാരണം 2015-ല്‍ സ്റ്റുഡന്റ് നഴ്‌സുമാര്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാന്‍ എടുത്ത തീരുമാനമാണ്, മേയ് പറഞ്ഞു.
ഇന്റര്‍സീവ് കെയറില്‍ ഉള്‍പ്പെടെ ശ്രോതസ്സുകള്‍ സമ്മര്‍ദം നേരിട്ടു. ഇതിന്റെ പ്രത്യാഘാതം കൊവിഡ് രോഗികളിലാണ് ചെന്നുകലാശിച്ചത്, അവര്‍ ചൂണ്ടിക്കാണിച്ചു. പിപിഇ ലഭ്യമാക്കുന്നതില്‍ വ്യാപകമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇത് ഫ്രണ്ട്‌ലൈന്‍ സേവനങ്ങള്‍ നല്‍കിയ നഴ്‌സുമാരെ ഭയപ്പാടിലാക്കി, മുന്‍ ചീഫ് നഴ്‌സ് വ്യക്തമാക്കി.
വന്‍തോതില്‍ രോഗികള്‍ പ്രവേശിപ്പിക്കപ്പെടുകയും, മുന്‍പൊരിക്കലും കാണാത്ത വിധത്തില്‍ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ബുദ്ധിമുട്ടേറിയ അസാധാരണ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വന്നിട്ടുണ്ട്, റൂത്ത് മേയ് പറഞ്ഞു. ഇംഗ്ലണ്ടില്‍ 40,000 നഴ്‌സിംഗ്, മിഡ്‌വൈഫറി വേക്കന്‍സികള്‍ ഉള്ളപ്പോഴാണ് എന്‍എച്ച്എസ് മഹാമാരിയിലേക്ക് പ്രവേശിക്കുന്നത്.