എന്‍എച്ച്എസ് തകര്‍ന്നുവെന്ന് ആവര്‍ത്തിച്ച് പ്രസ്താവിക്കുന്ന ഹെല്‍ത്ത് സെക്രട്ടറി ജനങ്ങളെ ഭയപ്പെടുത്തി ചികിത്സ തേടുന്നതില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് ഹെല്‍ത്ത് മേധാവികള്‍. ലേബര്‍ ഗവണ്‍മെന്റ് ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിനെയാണ് ഏറ്റെടുത്തതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്.
എന്‍എച്ച്എസ് തകര്‍ന്നുവെന്ന് പറയുമ്പോള്‍ അത് ജീവനക്കാരുടെ ആത്മധൈര്യം കെടുത്തുകയും, ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്ന് എന്‍എച്ച്എസ് ശ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലുള്ളവര്‍ക്ക് ക്യാന്‍സര്‍ പിടിപെടുന്നത് മരണദണ്ഡനയാണെന്നും, എന്‍എച്ച്എസ് മറ്റേണിറ്റി സര്‍വ്വീസുകള്‍ രാജ്യത്തിന് നാണക്കേടാണെന്നും കഴിഞ്ഞ ദിവസങ്ങളിലായി ഗവണ്‍മെന്റ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ തന്റെ വാദങ്ങളില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് വിമര്‍ശനങ്ങളെ തള്ളി ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. 'ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിക്കുന്നത് ചില സമയത്ത് ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത് കൃത്യമല്ലെങ്കില്‍ നല്‍കുന്ന മരുന്നും കൃത്യമാകില്ല. എന്‍എച്ച്എസിന്റെ അഭിമാനം സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ എന്‍എച്ച്എസിന് സഹായമാകില്ല, മറിച്ച് ദയവ് കൊണ്ട് അതിനെ കൊല്ലുകയാണ്. എന്‍എച്ച്എസ് തകര്‍ന്നിരിക്കുകയാണ്, എന്നാല്‍ തോല്‍പ്പിച്ചിട്ടില്ല. നമുക്കൊരുമിച്ച് ഇത് തിരിച്ചുപിടിക്കാം', ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.
എന്‍എച്ച്എസിന്റെ ദുഃസ്ഥിതിക്കും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റിനും, എ&ഇ കാലതാമസത്തിനും, രോഗികളുടെ സംതൃപ്തി കുറവിനും കാരണം കണ്‍സര്‍വേറ്റീവുകളാണെന്ന് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. എന്നാല്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള തന്റെ പദ്ധതി എന്‍എച്ച്എസിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.