ബ്രിട്ടനില്‍ അറസ്റ്റിലാകുന്ന പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. ഗുരുതര അതിക്രമങ്ങളും, ലൈംഗിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെയുള്ളവ ചെയ്തുകൂട്ടുന്നതിനാണ് ഇവര്‍ പിടിയിലാകുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഇംഗ്ലണ്ടിലും, വെയില്‍സിലും കഴിഞ്ഞ മാര്‍ച്ച് വരെ പിടിയിലായ സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും എണ്ണമാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറസ്റ്റിലാകുന്ന വനിതകളുടെ എണ്ണത്തില്‍ 12 ശതമാനം കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.
അതിക്രമങ്ങള്‍, കവര്‍ച്ച, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള കേസുകളില്‍ അറസ്റ്റിലാകുന്ന സ്ത്രീകളുടെ എണ്ണത്തിലാണ് വന്‍ വര്‍ദ്ധനവുള്ളത്. അതേസമയം അറസ്റ്റിലാകുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ ഈ സമയത്ത് ഏഴ് ശതമാനം വര്‍ദ്ധനവാണുള്ളത്. ജയിലിലുള്ള വനിതകളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പദ്ധതികള്‍ പുറത്തിറക്കി രണ്ടാം ദിവസമാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. ജയിലുകള്‍ വനിതാ കുറ്റവാളികള്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നാണ് മഹ്മൂദിന്റെ വാദം.
വനിതാ കുറ്റവാളികളെ ജയിലിന് അകത്ത് പാര്‍പ്പിക്കുന്നതിന് പകപം റസിഡന്‍ഷ്യല്‍ സെന്ററുകളിലേക്ക് മാറ്റാനാണ് പദ്ധതി. കൂടാതെ വനിതാ കുറ്റവാളികള്‍ക്ക് എതിരായ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ കോടതിയില്‍ പോകുന്നതിന് മുന്‍പ് പരിഹരിക്കുമെന്നും മഹ്മൂദ് പ്രഖ്യാപിച്ചു. നിലവില്‍ 3453 സ്ത്രീകളാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളിലുള്ളത്.