യുകെയുടെ പല ഭാഗങ്ങളുടെ ശക്തമായ മഴയില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ പെടുകയാണ്. ഇതിനിടെ മഴയ്ക്ക് ശമനമുണ്ടാകില്ലെന്നും, വെള്ളിയാഴ്ച മഴ കൂടുതല്‍ ശക്തമാകുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.
സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും ഇടിമിന്നലും, 50 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റും, ഒറ്റപ്പെട്ട ചുഴലിക്കാറ്റിനും സാധ്യതയുള്ളതായി ടൊര്‍ണാഡോ & സ്‌റ്റോം റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സെന്‍ഡ്രല്‍ സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങള്‍ ഇതില്‍ പെടും.
വ്യാഴാഴ്ച വൈകുന്നേരത്തോടെ മിഡ്‌ലാന്‍ഡ്‌സില്‍ നിലവില്‍ വന്ന ആംബര്‍ മുന്നറിയിപ്പ് 12 മണിക്കൂര്‍ നീളും. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ നല്ലൊരു ശതമാനം മേഖലകളും മഴ മൂലമുള്ള മഞ്ഞ ജാഗ്രതയിലാണ്. നോര്‍ത്തോണ്‍ അയര്‍ലണ്ട് വെസ്റ്റ് ഭാഗങ്ങളും മുന്നറിയിപ്പ് മേഖലയിലാണ്.
ബക്കിംഗ്ഹാംഷയര്‍, ഓക്‌സ്‌ഫോര്‍ഡ്ഷയര്‍, കേംബ്രിഡ്ജ്ഷയര്‍, ലെസ്റ്റര്‍ഷയര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് ആംബര്‍ മുന്നറിയിപ്പ് നിലവിലുള്ളത്. ഇവിടങ്ങളില്‍ മൂന്ന് മണിക്കൂറില്‍ 30-40 എംഎം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ഹിച്ചിന്‍ പട്ടണത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിലായി. സോളിഹള്ളിലും വെള്ളം എത്തിയതോടെ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുന്നതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വെ വ്യക്തമാക്കി.