ബ്രിട്ടന്‍ ഏറെ നാളായി കാത്തിരിക്കുന്ന വാക്കുകളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ഇന്നലെ വിളമ്പിയത്. പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് വേഗത ആര്‍ജ്ജിക്കുമെന്നാണ് ഗവര്‍ണര്‍ ബെയ്‌ലിയുടെ വാക്കുകള്‍. രാജ്യത്തെ മോര്‍ട്ട്‌ഗേജുകാര്‍ ഏറെ കേള്‍ക്കാന്‍ കൊതിച്ച വാക്കുകളാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.
പണപ്പെരുപ്പം നിയന്ത്രണത്തില്‍ തുടര്‍ന്നാല്‍ കടമെടുപ്പ് ചെലവുകളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് ആന്‍ഡ്രൂ ബെയ്‌ലിയുടെ സന്ദേശം. നിരക്കുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന ഗവര്‍ണറുടെ സ്വരംമാറ്റം ഏറെ ശ്രദ്ധനേടുകയാണ്.
അതേസമയം മിഡില്‍ ഈസ്റ്റില്‍ ഉയരുന്ന സംഘര്‍ഷം എണ്ണവില കുതിക്കാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. യുഎസ് ഡോളറിനെതിരെ പൗണ്ട് 1 ശതമാനത്തോളം താഴുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റിലാണ് കേന്ദ്ര ബാങ്ക് പലിശകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചത്. 2020 മാര്‍ച്ചിന് ശേഷം ആദ്യമായായിരുന്നു ഈ നീക്കം. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് എത്തിയതോടെയാണ് നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്.
ഇതിന് ശേഷം പണപ്പെരുപ്പം 2.2 ശതമാനത്തിലേക്ക് ഉയര്‍ന്നു. വര്‍ഷാന്ത്യത്തിന് മുന്‍പ് ഒരു നിരക്ക് കുറയ്ക്കല്‍ കൂടി സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇത് സാധ്യമായാല്‍ നിരക്ക് 4.75 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഈ പ്രതീക്ഷകള്‍ സജീവമാക്കിയാണ് ഗവര്‍ണര്‍ ബെയ്‌ലിയുടെ പ്രഖ്യാപനം. വിപണികള്‍ ഇത് പച്ചക്കൊടിയായി കാണുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ എണ്ണവില ഉയരാന്‍ ഇടയാക്കുമെന്നതിനാല്‍ ഇത് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബെയ്‌ലി പറയുന്നു.