എന്‍എച്ച്എസ് നഴ്‌സുമാര്‍ നല്‍കുന്ന സേവനത്തെ എല്ലാവരും പാടിപ്പുകഴ്ത്താറുണ്ടെങ്കിലും ഇത് പ്രകാരമുള്ള ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ ഗവണ്‍മെന്റ് എല്ലാ കാലത്തും പിന്നോക്കമാണ്. കഴിഞ്ഞ വര്‍ഷം സമരം ചെയ്ത് പിടിച്ചുവാങ്ങിയ ശമ്പളവര്‍ദ്ധന തീരെ കുറഞ്ഞ് പോയെന്ന് പൊതുധാരണ നിലവിലുണ്ട്. ഇതിനിടെ 2024-25 വര്‍ഷത്തെ ശമ്പളവര്‍ദ്ധന കരാര്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ തള്ളുകയും ചെയ്തു.
ഇതൊന്നും പരിഗണിക്കാതെ 2025-26 വര്‍ഷത്തെ എന്‍എച്ച്എസ് പേ റൗണ്ടിനുള്ള പദ്ധതിയാണ് ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും നഴ്‌സുമാര്‍ക്ക് അടുത്ത വര്‍ഷവും കൃത്യസമയത്ത് ശമ്പളവര്‍ദ്ധന ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു.
അടുത്ത വര്‍ഷത്തേക്ക് നഴ്‌സുമാര്‍ക്കും, മറ്റ് അജണ്ട ഫോര്‍ ചേഞ്ച് ജീവനക്കാര്‍ക്കും നല്‍കേണ്ട വര്‍ദ്ധന സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് എന്‍എച്ച്എസ് പേ റിവ്യൂ ബോഡിക്ക് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കത്തയച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുന്‍കൂറായി നടപടിക്രമങ്ങള്‍ ആരംഭിച്ചതിനെ ചില ഹെല്‍ത്ത് യൂണിയനുകള്‍ പ്രശംസിച്ചെങ്കിലും നഴ്‌സുമാര്‍ക്ക് ശമ്പളവര്‍ദ്ധന വീണ്ടും കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നതിനെയാണ് മറ്റ് യൂണിയനുകള്‍ വിമര്‍ശിക്കുന്നത്.
ഗവണ്‍മെന്റിന്റെ 22 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി മൂലമുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ വേണം അടുത്ത വര്‍ഷത്തെ നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധന നിര്‍ദ്ദേശങ്ങളെന്ന് വെസ് സ്ട്രീറ്റിംഗ് കത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. നിലവില്‍ പേ റിവ്യൂ ബോഡി നിര്‍ദ്ദേശങ്ങള്‍ ആറ് മാസം വൈകിയാണ് ലഭിക്കുന്നത്. ഇത് മുന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ വൈകലുകളാണെന്നാണ് സ്ട്രീറ്റിംഗ് വാദിക്കുന്നത്.