റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യന് പിന്തുണ അഭ്യര്‍ത്ഥിച്ച് യുക്മ - യു എന്‍ എഫ് നേതൃത്വം. വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നഴ്‌സിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച ബിജോയിയ്ക്ക് ആര്‍.സി.എന്‍ അംഗങ്ങളായ മുഴുവന്‍ മലയാളികളും വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജ്, യുക്മ നഴ്‌സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അബ്രാഹം പൊന്നുംപുരയിടം, പ്രസിഡന്റ് സോണി കുര്യന്‍, സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറര്‍ ഷൈനി ബിജോയ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള ആര്‍.സി.എന്‍, ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതാദ്യമായാണ് ഒരു മലയാളി ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു കെയിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും പ്രബലമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന മലയാളികള്‍ക്കിടയില്‍ ബിജോയിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ആവേശമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ബിജോയ് സെബാസ്റ്റ്യന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ യൂക്കെയിലെ നൂറുകണക്കിന് നഴ്സുമാരും ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സും റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് അംഗത്വമെടുത്തിട്ടുണ്ട്.
തൊഴിലിടങ്ങളില്‍ നേരിടുന്ന നിയമപ്രശ്‌നങ്ങളും അച്ചടക്ക നടപടികളും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, നിരവധി പേരാണ് ഇപ്പോഴും യൂണിയന്‍ അംഗത്വം എടുക്കാതെ തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പലപ്പോഴും എന്‍.എം.സി. (നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍) റെഫറലിലും കോടതി-നിയമ നടപടികളിലേക്കും വരെ എത്തുന്നതിനാല്‍, യൂണിയന്‍ പിന്തുണയുടെ അഭാവം ഗുരുതര പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഇതിന്റെ ഫലമായി, യൂണിയന്‍ സഹായം ഇല്ലാത്ത നഴ്സുമാര്‍ക്കും ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സിനും നിയമസഹായത്തിനായി ആയിരക്കണക്കിന് പൗണ്ടിന്റെ വക്കീല്‍ ഫീസും മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്നു.
യൂണിയന്‍ അംഗത്വം നേടുന്നത് നഴ്സുമാര്‍ക്കും ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ജോലി ചെയ്യുന്നിടത്ത് നേരിടുന്ന വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദം ഉയര്‍ത്താനും ചൂഷണങ്ങളെ തടയാനും വഴിയൊരുക്കുന്നു. ആര്‍ സി എന്‍ മെമ്പര്‍ഷിപ്പിലൂടെ, ജോലിസ്ഥലത്തിലെ പ്രശ്നങ്ങളെ നേരിടുന്നതിന് സമഗ്രമായ നിയമ സഹായം ലഭ്യമാകുന്നതോടൊപ്പം, യൂറോപ്പിലെ ഏറ്റവും വലിയ നഴ്‌സിംഗ് ലൈബ്രറി റിസോഴ്സുകള്‍, തുടര്‍ പഠന കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും.
യൂക്കെയിലെ നഴ്സുമാരിലും ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സിന്റെയും ഇടയില്‍ യൂണിയന്‍ അംഗത്വം എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുകയാണ് ബിജോയ്. 'തൊഴിലിടങ്ങളില്‍ നേരിടുന്ന തൊഴില്‍, നിയമ പ്രശ്‌നങ്ങളില്‍ നഴ്‌സുമാര്‍ക്കും ഹെല്‍ത്ത്‌കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സിനും സംരക്ഷണം ഉറപ്പു വരുത്തുക, അവരുടെ ശബ്ദം ആര്‍ സി എന്നില്‍ ഉന്നയിക്കുക' എന്നതാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബിജോയ് പറഞ്ഞു. മികച്ച ശമ്പള വര്‍ദ്ധനവ് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ സി എന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുകയും സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്നാണ് ബിജോയ് പറയുന്നത്.
ബിജോയ്, കഴിഞ്ഞ കൊല്ലം നടന്ന ആര്‍ സി എന്‍ സമരത്തില്‍ എല്ലാ ദിവസവും പങ്കെടുത്ത വ്യക്തിയായിരുന്നു. അതേസമയം, UCLH (University College London) ഹോസ്പിറ്റലില്‍ ഇലക്ടീവ് ക്രിട്ടിക്കല്‍ കെയര്‍ പാത്ത് വേയുടെ ചുമതലയുള്ള സീനിയര്‍ നഴ്‌സ് ആയി പ്രവര്‍ത്തിക്കുന്ന ബിജോയ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ എക്വീറ്റി, ഡൈവേഴ്സിറ്റി, ഇന്‍ക്ലൂഷന്‍ കമ്മിറ്റിയുടെ കോ ചെയര്‍ ആയും അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസിന്റെ ജനറല്‍ സെക്രട്ടറി ആയും ഫ്‌ലോറെന്‍സ് നൈറ്റിഗേല്‍ ഫൗണ്ടേഷനുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്ന് യൂക്കെയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ സംഘടനകളുടെ നെറ്റ് വര്‍ക്കിന്റ ചെയറായും എന്‍ എച്ച് എസ് ഇംഗ്ലണ്ടുമായും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് മായി ചേര്‍ന്ന് നഴ്സുമാരുടെ വിശാലമായ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നിരന്തരമായി പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂക്കെയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെര്‍സ്മിത് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭര്‍ത്താവ് ജിതിനും യൂക്കെയില്‍ നഴ്സുമാരാണ്.
ഉപഹാറിന്റെ സ്റ്റം സെല്‍ ഡോണര്‍ രെജിസ്‌ട്രേഷന്‍ ഡ്രൈവുകളിലും ബിജോയ് സ്ഥിരം സാന്നിധ്യമാണ്. മിനിജ ജോസെഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി വരുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോജെക്ടിലും ബിജോയ് ഒരു പ്രധാനപങ്കു വഹിച്ച് വരുന്നു.
ഒക്ടോബര്‍ 14 മുതല്‍ ആര്‍ സി എന്‍ അംഗങ്ങള്‍ക്ക് അയച്ച് തുടങ്ങിയ ബാലറ്റ് പേപ്പറുകള്‍ വോട്ട് രേഖപ്പെടുത്തി നവംബര്‍ 11 തിങ്കളാഴ്ചയ്ക്കകം തിരികെ അയക്കേണ്ടതാണ്. പോസ്റ്റല്‍ ആയി അയക്കുന്ന ബാലറ്റ് പേപ്പര്‍ ഇനിയും ലഭിച്ചിട്ടില്ലെങ്കില്‍ support@cesvotes.com എന്ന ഇമെയില്‍ അഡ്രസ്സില്‍ മെമ്പര്‍ഷിപ് നമ്പറും പേരും അടക്കം ഉള്ള വിവരങ്ങള്‍ നല്‍കി പുതിയ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെട്ടാല്‍ പുതിയ ബാലറ്റ് ലഭിക്കും.
ഇപ്പോളും ആര്‍ സി എന്‍ അംഗമല്ലാത്തവര്‍ക്കു അംഗം ആകാനുള്ള ലിങ്ക്- https://www.rcn.org.uk/membership
മെമ്പര്‍ ആണെങ്കില്‍ ആര്‍ സി എന്നില്‍ ഉള്ള നിങ്ങളുടെ അഡ്രസ് ശരി ആണോ എന്ന് പരിശോധിക്കുവാനും മാറ്റങ്ങള്‍ വരുത്താനുമുള്ള മൈ ആര്‍ സി എന്‍ ലിങ്ക് - https://my.rcn.org.uk/Login
നിലവിലുള്ള അംഗങ്ങള്‍ അവരുടെ വിലാസവും വിവരങ്ങളും അപ്ഡേറ്റ് ചെയ്തതിനു ശേഷം, വിലാസ ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് നടത്തിപ്പുകാര്‍ക്ക് കൈമാറിയതായി ഉറപ്പാക്കേണ്ടതുണ്ട്.
പുതുതായി അഡ്രസ് ചേര്‍ക്കുകയോ അംഗമാവുകയോ ചെയ്യുന്നവര്‍ നിങ്ങളുടെ അഡ്രസ് എലെക്ഷന്‍ നടത്തുന്ന ബോഡിക്കു ആര്‍ സി എന്‍ കൃത്യമായി കൈമാറുന്നു എന്ന് ഉറപ്പ് വരുത്താന്‍ elections@rcn.org.uk എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെട്ടു നിങ്ങള്‍ പുതിയ അംഗം അല്ലെങ്കില്‍ അഡ്രസ് അപ്ഡേറ്റ് ചെയ്ത ആള്‍ ആണ് നിങ്ങള്‍ക്കും പ്രസിഡന്റ് ഇലക്ഷനില്‍ വോട്ട് ചെയ്യാനുള്ള ബാലറ്റ് അയക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.
Alex Varghese
അലക്‌സ് വര്‍ഗ്ഗീസ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)