
















കൊവിഡ് മഹാമാരി യുകെയില്‍ ആഞ്ഞടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന ഒരു മേഖല കെയര്‍ ഹോമുകളായിരുന്നു. പ്രായമായ, രോഗസാധ്യത ഏറെയുള്ളവരെ കൂട്ടമായി മരണത്തിലേക്ക് തള്ളിവിട്ടത് പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തില്‍ സംഭവിച്ച വീഴ്ചകള്‍ മൂലമാണെന്നാണ് കൊവിഡ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
രോഗസാധ്യത ഏറിയ കെയര്‍ ഹോം അന്തേവാസികളെ സംരക്ഷിക്കാന്‍ പരാജയപ്പെട്ട ഗവണ്‍മെന്റ്, അവരുടെ കാര്യം പിന്നീട് നോക്കാമെന്നാണ് ചിന്തിച്ചതെന്നും അന്വേഷണം പറയുന്നു. 43,000 പേരാണ് കെയര്‍ സംവിധാനങ്ങളില്‍ മരണപ്പെട്ടത്. വൈറസ് വ്യാപിച്ച് തുടങ്ങിയ സമയത്ത് നിരവധി വീഴ്ചകള്‍ നേരിട്ടതാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
മരിക്കാന്‍ പോകുന്ന ആളുകളെ കാണാന്‍ പോലും ബന്ധുക്കളെ അനുവദിക്കാത്ത നിയന്ത്രണങ്ങള്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്നതിലേക്ക് നയിച്ചെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു. തുടക്കം മുതല്‍ ഒരു സുരക്ഷാ കവചം ഒരുക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് അവകാശപ്പെട്ടതിന് വിപരീതമായിരുന്നു സ്ഥിതിഗതികളെന്നാണ് കണ്ടെത്തല്‍.
200 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടത്തിയ കൊവിഡ് അന്വേഷണത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ട്. കെയര്‍ മേഖലയിലെ ആളുകളുടെ 'ചെലവില്‍' എന്‍എച്ച്എസിനെ സംരക്ഷിക്കാമെന്ന എളുപ്പവഴിയാണ് പലപ്പോഴും അധികാരികള്‍ തെരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്തേവാസികളെ പരിചരിക്കുന്ന കെയറര്‍മാരെ കൊവിഡ് മഹാമാരിക്കാലം സാരമായി ബാധിച്ചെന്നും 287 പേജുള്ള റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.