ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളില്‍ കടമെടുപ്പിന്റെ നിര്‍വചനം തിരുത്തി ലേബര്‍ ഗവണ്‍മെന്റ് മോര്‍ട്ട്‌ഗേജ് എടുത്ത കുടുംബങ്ങളെ ശിക്ഷിക്കുമെന്ന് മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ മുന്നറിയിപ്പ്. കടത്തിന്റെ വ്യാഖ്യാനം തിരുത്തുന്നത് പലിശ നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരാനാണ് ഉപകരിക്കുകയെന്ന് ഷാഡോ ചാന്‍സലറായ ഹണ്ട് ചൂണ്ടിക്കാണിച്ചു.
'കടമെടുപ്പ് വര്‍ദ്ധിക്കുന്നത് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് എനിക്ക് ട്രഷറി ഉദ്യോഗസ്ഥരില്‍ നിന്നും പതിവായി ലഭിച്ച ഉപദേശം. ഇത് മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ള കുടുംബങ്ങളെ ശിക്ഷിക്കുന്നതാണ്. ഈ സുപ്രധാന മാറ്റം പാര്‍ലമെന്റിന് മുന്നില്‍ പ്രഖ്യാപിക്കാന്‍ പോലും ചാന്‍സലര്‍ തയ്യാറായിട്ടില്ലെന്നത് സവിശേഷതയാണ്. പക്ഷെ വിപണികള്‍ ഇത് ശ്രദ്ധിക്കുന്നുണ്ട്', ജെറമി ഹണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം സാമ്പത്തിക നയങ്ങളില്‍ കടത്തിന്റെ നിര്‍വചനം തിരുത്തുന്നതായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത ആഴ്ചയിലെ ബജറ്റില്‍ കോമണ്‍സിന് മുന്‍പാകെ അവതരിപ്പിക്കുമെന്നാണ് റീവ്‌സ് വ്യക്തമാക്കുന്നത്.
തിരിച്ചുകിട്ടുന്ന നിക്ഷേപങ്ങള്‍ നടത്താനുള്ള വലിയ അവസരവും, വളര്‍ച്ച നേടാനും, യുകെയില്‍ ഭാവിയില്‍ ആവശ്യമായ ജോലികളും മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുന്നതെന്ന് ചാന്‍സലര്‍ പറയുന്നു. നിലവിലെ സാമ്പത്തിക നയങ്ങള്‍ പ്രകാരം ഇത് നടപ്പാക്കാന്‍ കഴിയാത്തതിനാലാണ് മാറ്റമെന്നാണ് ഇവരുടെ നിലപാട്.
എന്നാല്‍ ഈ നയം മാറ്റം കടമെടുപ്പ് ചെലവുകള്‍ ഉയര്‍ത്തുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാദം. സാമ്പത്തിക നയങ്ങള്‍ അഴിച്ചുപണിയില്ലെന്നാണ് തെരഞ്ഞെടുപ്പിന് മുന്‍പ് റേച്ചല്‍ റീവ്‌സ് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഷാഡോ ട്രഷറി മന്ത്രി ഗാരെത് ഡേവിസ് വ്യക്തമാക്കി. ഇതുമൂലം പലിശ നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്നുനില്‍ക്കാനുള്ള അപകടമാണ് വന്നുചേരുക. ഇതിന്റെ വില നല്‍കേണ്ടി വരുന്നത് രാജ്യത്തെ കുടുംബങ്ങളാണ്, ഡേവിസ് ഓര്‍മ്മിപ്പിച്ചു.