കറുത്തവരും, വംശീയ ന്യൂനപക്ഷ ജോലിക്കാരും രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനുള്ള സാധ്യത വെള്ളക്കാരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് കണക്കുകള്‍. എന്‍എച്ച്എസ് ആശുപത്രികളില്‍ ഉള്‍പ്പെടെ ഇടങ്ങളില്‍ പതിവായി നാം കാണുന്ന വസ്തുതകളുടെ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കറുത്തവരും, വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരും പതിവായി നൈറ്റ് ഷിഫ്റ്റുകളില്‍ ജോലിക്കെത്തുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം രാത്രിയില്‍ ജോലി ചെയ്യുന്ന വെള്ളക്കാരുടെ എണ്ണത്തില്‍ ഇടിവും നേരിട്ടിരിക്കുന്നു.
2014-ലെ കണക്കുകളെ അപേക്ഷിച്ച് 360,000-ലേറെ കറുത്തവരും, വംശീയ ന്യൂനപക്ഷ വംശജരുമാണ് രാത്രിയില്‍ അധികമായി ജോലിക്ക് എത്തുന്നതെന്നാണ് കണ്ടെത്തല്‍. ഇതേ കാലയളവില്‍ രാത്രി ഷിഫ്റ്റിന് എത്തുന്ന വെള്ളക്കാരുടെ എണ്ണത്തില്‍ 570,000-ലേറെ കുറവ് വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആറിലൊന്ന് കറുത്തവരും, ന്യൂനപക്ഷ വംശജരും രാത്രി ജോലിക്ക് എത്തുമ്പോള്‍, പതിനൊന്നില്‍ ഒന്ന് എന്ന തോതിലാണ് വെള്ളക്കാരായ ജോലിക്കാര്‍ രാത്രിയില്‍ ജോലി ചെയ്യുന്നതെന്ന് ടിയുസി പറയുന്നു.
ഈ വിധം പതിവായി നൈറ്റ് ഷിഫ്റ്റ് ജോലിക്ക് കയറുന്ന റെയില്‍വെ ജീവനക്കാരുടെ ദീര്‍ഘകാല ആരോഗ്യം ബാധിക്കപ്പെടുന്നതായും, കുടുംബബന്ധങ്ങളില്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്നതായും റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.