CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 2 Seconds Ago
Breaking Now

നികുതി ബോംബ് പൊട്ടിച്ച് റീവ്‌സ്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ഭാരം ചുമത്തി വനിതാ ചാന്‍സലറുടെ ആദ്യ ബജറ്റ്; വരുമാനം കുറയും, പണപ്പെരുപ്പം ഉയരും; കുടുംബങ്ങളുടെ ധനകാര്യ ബജറ്റില്‍ 300 പൗണ്ട് കുറവ് നേരിടുമെന്ന് ഒബിആര്‍ മുന്നറിയിപ്പ്

ബജറ്റിന്റെ വില സാധാരണ ജനങ്ങളാണ് നല്‍കേണ്ടി വരികയെന്ന് ടോറി നേതാവ് ഋഷി സുനാക്

40 ബില്ല്യണ്‍ പൗണ്ട് വ്യാപ്തിയുള്ള നികുതി ബോംബ് പൊട്ടിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടി ഒരു ഇടവേളയ്ക്ക് ശേഷം നടത്തിയ ബജറ്റ് അവതരണം തിരിച്ചടി സമ്മാനിക്കുന്നത്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് രീതികളില്‍ മാറ്റം വരുത്തിയ ചാന്‍സലര്‍ ചെലവഴിക്കലും വേഗത്തിലാക്കും. 

വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള ബജറ്റെന്നാണ് റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ സ്വന്തം നിരീക്ഷകര്‍ക്ക് പോലും ഉറപ്പില്ലാത്ത സാഹചര്യവും വെളിപ്പെട്ടു. ഈ ദശകത്തിലെ അവസാന വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച വെട്ടിക്കുറച്ചാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രതികരണം. 

തൊഴിലാളികള്‍ക്ക് അനുകൂലമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും ചാന്‍സലറുടെ ബജറ്റ് നടപടികള്‍ പണപ്പെരുപ്പം പെരുപ്പിക്കാനും, മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്താനും, ശമ്പളം ഞെരുക്കാനും കാരണമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിലപാട്. കൂടാതെ ശരാശരി കുടുംബങ്ങളുടെ കൈയിലുള്ള വരുമാനത്തില്‍ ബജറ്റിന്റെ ഫലമായി 300 പൗണ്ട് കുറവ് നേരിടുമെന്ന മുന്നറിയിപ്പും ഒബിആര്‍ നല്‍കുന്നു. 

തകര്‍ന്ന വാഗ്ദാനങ്ങള്‍ക്ക് പിന്നാലെ തകര്‍ന്ന വാഗ്ദാനങ്ങള്‍ നല്‍കിയ ബജറ്റിന്റെ വില സാധാരണ ജനങ്ങളാണ് നല്‍കേണ്ടി വരികയെന്ന് ടോറി നേതാവ് ഋഷി സുനാക് പറഞ്ഞു. ചാന്‍സലറുടെ ബജറ്റിലെ കടമെടുപ്പിന്റെ തോത് സാമ്പത്തിക വിപണികളെയും ഭയപ്പാടിലാക്കി. നികുതി വര്‍ദ്ധനവുകളുടെ ആഴം വളര്‍ച്ചയെയും, തൊഴിലവസരങ്ങളെയും ബാധിക്കുമെന്ന് ബിസിനസ്സ് നേതാക്കളും മുന്നറിയിപ്പ് നല്‍കി. 

14 വര്‍ഷത്തിന് ശേഷമുള്ള ലേബര്‍ ബജറ്റില്‍ റീവ്‌സ് നടത്തിയ മുഖ്യ പ്രഖ്യാപനങ്ങള്‍ ഇവയാണ്:

- നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വഴി 25 ബില്ല്യണ്‍ പൗണ്ടിന്റെ വേട്ട

- എന്‍എച്ച്എസിന് അടിയന്തരമായി 25 ബില്ല്യണ്‍ പൗണ്ടിന്റെ ഉത്തേജനപാക്കേജ്

- ധനകാര്യ നയങ്ങള്‍ തിരുത്തി 32 ബില്ല്യണ്‍ പൗണ്ട് പ്രതിവര്‍ഷ കടമെടുപ്പ്

- ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ഉയര്‍ത്തിയത് വഴി 2 ബില്ല്യണ്‍ പൗണ്ട്, പെന്‍ഷന്‍ കൈമാറ്റത്തെയും ബാധിക്കും

- ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വഴി 2.5 ബില്ല്യണ്‍ പൗണ്ട്

- മിനിമം വേജില്‍ 6.7 ശതമാനം വര്‍ദ്ധന

- പ്രൈവറ്റ് സ്‌കൂളുകളില്‍ വാറ്റ് ഏര്‍പ്പെടുത്തി

- രണ്ടാമത്തെ വീടുകള്‍ക്ക് 2 ശതമാനം അധിക സ്റ്റാമ്പ് ഡ്യൂട്ടി, ടോറികള്‍ നടപ്പാക്കിയ താല്‍ക്കാലി സ്റ്റാമ്പ് ഡ്യൂട്ടി ഡിസ്‌കൗണ്ട് നിര്‍ത്തലാക്കുമെന്ന് സൂചന

- ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ചത് തുടരും

- നികുതി പരിധി മരവിപ്പിച്ചത് നീട്ടുന്നതില്‍ നിന്നും പിന്‍വാങ്ങി

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ഭാരത്തിലേക്ക് തള്ളിവിടുന്ന ബജറ്റാണ് റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജിഡിപിയുടെ 36.4 ശതമാനത്തില്‍ നിന്നും ദശകത്തിന്റെ അവസാനത്തോടെ 38.2 ശതമാനത്തിലേക്ക് നികുതി ഭാരം ഉയരും. 




കൂടുതല്‍വാര്‍ത്തകള്‍.