CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 25 Seconds Ago
Breaking Now

റേച്ചല്‍ റീവ്‌സിന്റെ ബജറ്റില്‍ നിരാശ ആര്‍ക്കൊക്കെ, പുഞ്ചിരിക്കുന്നത് ആരെല്ലാം? മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ എങ്ങോട്ട്? നിങ്ങളുടെ കൈയിലെത്തുന്ന പണത്തിന് എന്ത് സംഭവിക്കും? സ്റ്റാമ്പ് ഡ്യൂട്ടി വീട് വാങ്ങാനുള്ള സ്വപ്‌നങ്ങളെ ബാധിക്കുമോ? ബസ്, ട്രെയിന്‍ യാത്രക്ക് ചെലവേറുമോ?

ലിസ്റ്റിന് നീളം കുറവാണെങ്കിലും വിജയിച്ചവരുടെ പട്ടികയില്‍ ആരെല്ലാമുണ്ട്?

റേച്ചല്‍ റീവ്‌സ് അവതിരിപ്പിച്ച ബജറ്റിന് പിന്നാലെ നേട്ടം കൊയ്തവരുടെയും, നിരാശ ഏറ്റുവാങ്ങിയവരുടെയും ലിസ്റ്റ് റെഡിയായി കഴിഞ്ഞു. എന്നാല്‍ നിരാശരായവരുടെ പട്ടികയ്ക്കാണ് റീവ്‌സിന്റെ ബജറ്റില്‍ നീളംകൂടുതലെന്നാണ് വിമര്‍ശനം. 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ കൊണ്ടാടുന്ന ബജറ്റ് പ്രഖ്യാപനം സവിശേഷമായി ബിസിനസ്സുകളെയാണ് നിരാശയിലാഴ്ത്തിയത്. 

ഒരു വനിത ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച ബജറ്റ് എന്നതില്‍ ഉപരിയായി ഏറ്റവും കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ച ബജറ്റ് എന്ന ചീത്തപ്പേരും ഇതിന് വീണുകഴിഞ്ഞു. ലിസ്റ്റിന് നീളം കുറവാണെങ്കിലും വിജയിച്ചവരുടെ പട്ടികയില്‍ ആരെല്ലാമുണ്ട്?

- കുറഞ്ഞ വരുമാനത്തിലുള്ള ജോലിക്കാര്‍: മിനിമം വേജ് വര്‍ദ്ധന നേട്ടമാകും

വരുമാനം കുറഞ്ഞ ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് മിനിമം വേജില്‍ 6.7 ശതമാനം വര്‍ദ്ധന പ്രഖ്യാപിച്ചാണ് ചാന്‍സലര്‍ സാമ്പത്തിക ഉത്തേജനം നല്‍കിയത്. ഇതോടെ അടിസ്ഥാന വേതനം 12.20 പൗണ്ടായി ഉയരും. 21ന് മുകളില്‍ പ്രായമുള്ള ഫുള്‍ടൈം ജോലിക്കാര്‍ക്ക് 1400 പൗണ്ട് വാര്‍ഷിക വര്‍ദ്ധനവ് ലഭിക്കുമ്പോള്‍ 18 മുതല്‍ 20 വയസ്സ് വരെയുള്ള ഫുള്‍ടൈം ജോലിക്കാര്‍ക്ക് 2500 പൗണ്ട് അധികം ലഭിക്കും. 

- സ്റ്റേറ്റ് പെന്‍ഷന്‍കാര്‍: ട്രിപ്പിള്‍ ലോക്കിന്റെ ബലത്തില്‍ 4.1% വര്‍ദ്ധന

പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് തുടരാന്‍ റീവ്‌സും സമ്മതിച്ചതോടെ ബേസിക്, ന്യൂ സ്‌റ്റേറ്റ് പെന്‍ഷനുകള്‍ 2025-26 വര്‍ഷത്തില്‍ 4.1 ശതമാനം ഉയരും. അതേസമയം 2027 മുതല്‍ സ്റ്റേറ്റ് പെന്‍ഷന്‍ വരുമാനത്തിനും നികുതി ഈടാക്കും. 

- ഡ്രോട്ട് ബിയര്‍: പബ്ബില്‍ പിന്റിന് ഡ്യൂട്ടി വെട്ടിക്കുറച്ചു

ആല്‍ക്കഹോളിക് ഡ്രിങ്കുകള്‍ക്ക് ഡ്രോട്ട് ഡ്യൂട്ടി 1.7 ശതമാനം കുറയും. പബ്ബുകളില്‍ പിന്റിന് ഒരു പെന്നി വീതം താഴും. ലോക്കല്‍ പബ്ബുകളിലാണ് ഈ വിലക്കുറവ് അനുഭവപ്പെടുക. അതേസമയം വൈന്‍, വിസ്‌കി, ജിന്‍ എന്നിവയുടെ വിലയില്‍ നിര്‍മ്മാതാക്കള്‍ വര്‍ദ്ധന വരുത്തിയേക്കും.

- ഡ്രൈവര്‍മാര്‍: ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ചു

ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ചതിനാല്‍ ഒരു വര്‍ഷത്തേക്ക് ബ്രിട്ടനിലെ 30 മില്ല്യണിലേറെയുള്ള ഡ്രൈവര്‍മാര്‍ക്ക് ആശ്വസിക്കാം. ഋഷി സുനാക് നടപ്പാക്കിയ 5 പെന്‍സ് കുറവ് തുടരുമെന്നും റീവ്‌സ് വ്യക്തമാക്കി. 

കെയറര്‍മാര്‍- വരുമാന പരിധി ഉയര്‍ത്തി

കെയറര്‍ അലവന്‍സ് ആഴ്ചയില്‍ 16 മണിക്കൂറിന് തുല്യമാക്കി ഉയര്‍ത്തി. ഇതോടെ കെയറര്‍മാര്‍ക്ക് വര്‍ഷത്തില്‍ 10,000 പൗണ്ടിലേറെ നേടാന്‍ കഴിയുെമന്ന് റീവ്‌സ് പറയുന്നു. 

നേട്ടം കരസ്ഥമാക്കിയവരുടെ പട്ടിക ഇങ്ങനെ പോകുന്നുവെങ്കിലും നിരാശരായവര്‍ ബിസിനസ്സ് ഉടമകള്‍ ഉള്‍പ്പെടെ ഉള്ളവരാണ്. 

- ബിസിനസ്സ് ഉടമകള്‍; തിരിച്ചടിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ്, മിനിമം വേജ് വര്‍ദ്ധന

25 ബില്ല്യണ്‍ ടാക്‌സ് വേട്ടയുടെ ഭാഗമായി ചാന്‍സലര്‍ എംപ്ലോയര്‍ നല്‍കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ എന്‍ഐസി നല്‍കുന്ന പരിധി 9100 പൗണ്ടില്‍ നിന്നും 5000 പൗണ്ടായി കുറച്ചു. കൂടാതെ എന്‍ഐസികളിലേക്ക് എംപ്ലോയര്‍ നല്‍കുന്ന തുക 1.2 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി. നാഷണല്‍ ലിവിംഗ് വേജ്, നാഷണല്‍ മിനിമം വേജ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതും ബിസിനസ്സുകള്‍ക്ക് ഭാരമാകും. 

- ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ദ്ധന നിക്ഷേപകര്‍ക്കും, സംരംഭകര്‍ക്കുമാണ് തിരിച്ചടിക്കുക. കുറഞ്ഞ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് പത്തില്‍ നിന്നും 18 ശതമാനമാക്കിയപ്പോള്‍ ഉയര്‍ന്ന റേറ്റ് 20 ശതമാനത്തില്‍ നിന്നും 24 ശതമാനമാക്കി. 

- പ്രൈവറ്റ് സ്‌കൂളിലെ വാറ്റ് ഇളവ് റദ്ദാക്കിയതോടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഫീസ് വര്‍ദ്ധന നേരിടും. 

- 2027 മുതല്‍ പെന്‍ഷന്‍ പോട്ടുകളും ഇന്‍ഹെറിറ്റന്‍സ് ടാക്‌സില്‍ പെടുത്തും. ഇതോടെ പെന്‍ഷന്‍ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോള്‍ 40 ശതമാനം നിരക്കില്‍ ഡ്യൂട്ടി അടയ്‌ക്കേണ്ടി വരും. 

- ബസ് യാത്രക്കാര്‍ക്ക് നിരക്ക് വര്‍ദ്ധന നേരിടണം. ഇംഗ്ലണ്ടിലെ ബസ് ചാര്‍ജ്ജിലുണ്ടായിരുന്ന 2 പൗണ്ട് ക്യാപ്പ് 3 പൗണ്ടായാണ് ഉയര്‍ത്തിയത്. 

- ട്രെയിന്‍ യാത്രകള്‍ക്കും ചെലവേറും. ഇംഗ്ലണ്ടിലെ റെഗുലേറ്റഡ് ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം 4.6% വര്‍ദ്ധിക്കും. കൂടാതെ മിക്ക റെയില്‍കാര്‍ഡുകള്‍ക്കും 5 പൗണ്ട് നിരക്ക് ഉയരും. 

- നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് ചെലവ് ഉയര്‍ത്തി എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധന. ചെറുയാത്രകള്‍ക്ക് ഇക്കോണമി ടിക്കറ്റിന് 2 പൗണ്ട് ചേര്‍ത്തപ്പോള്‍ ദീര്‍ഘദൂര വിമാന യാത്രകളുടെ ഡ്യൂട്ടി 88 പൗണ്ട് മുതല്‍ 92 പൗണ്ട് വരെയാകും. 




കൂടുതല്‍വാര്‍ത്തകള്‍.