സകല പ്രതീക്ഷകളെയും തകിടം മറിച്ച് അമേരിക്ക ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി വിധിയെഴുതിയപ്പോള്‍ നെഞ്ചില്‍ തീകോരിയിട്ട പലരുമുണ്ട്. അതിലൊന്ന് ബ്രിട്ടനാണ്. ബ്രിട്ടനില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടിക്ക് ട്രംപിന്റെ തെരഞ്ഞെടുപ്പ് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ വെറും ഇടത് ലൈറ്റ്‌വെയ്റ്റ് മാത്രമായി തള്ളിക്കളയുകയും, വിശ്വസിക്കാനും സാധ്യതയില്ലെന്നാണ് യുഎസിലെ ഉന്നത അനലിസ്റ്റിന്റെ മുന്നറിയിപ്പ് വരുന്നത്.
നിയുക്ത പ്രസിഡന്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിലപേശലുകളില്‍ സാമര്‍ത്ഥ്യമില്ലാത്ത വ്യക്തിയായി പരിഗണിക്കുമെന്നാണ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ മാര്‍ഗററ്റ് താച്ചര്‍ സെന്റര്‍ ഫോര്‍ ഫ്രീഡം ഡയറക്ടര്‍ നൈല്‍ ഗാര്‍ഡിനര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന കമലാ ഹാരിസിന്റെ പ്രചരണങ്ങളില്‍ സഹായിക്കാന്‍ ഡസന്‍ കണക്കിന് ലേബര്‍ ആക്ടിവിസ്റ്റുകള്‍ യുഎസിലേക്ക് പറന്നതും ലേബര്‍ പ്രധാനമന്ത്രിക്ക് ചീത്തപ്പേര് സമ്മാനിക്കും.
ട്രംപിന്റെ ഫ്‌ളോറിഡ എസ്‌റ്റേറ്റിലേക്ക് ഹൃദ്യമായ സ്വീകരണം പോലും സ്റ്റാര്‍മര്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഗാര്‍ഡിനറുടെ വാദം. എന്നാല്‍ താന്‍ നിലപാട് തിരുത്തുമെന്ന സന്ദേശം നല്‍കാന്‍ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമിയെ പുറത്താക്കി കൊണ്ട് തുടങ്ങാമെന്നാണ് ഇദ്ദേഹം ഐഡിയ പകരുന്നത്. പതിവ് നുണയനും, ഏകാധിപതിയുമെന്നാണ് ഡേവിഡ് ലാമി ട്രംപിനെ വിശേഷിപ്പിച്ചിരുന്നത്.
യുഎസ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ലേബര്‍ ആക്ടിവിസ്റ്റുകള്‍ എത്തിയത് സംബന്ധിച്ച് ട്രംപ് ക്യാംപെയിന്‍ ടീം അമേരിക്കന്‍ ഇലക്ഷന്‍ റെഗുലേറ്റര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ട്രംപ് വിജയകിരീടം ചൂടിയതോടെ യുഎസ്, യുകെ ബന്ധത്തെ പരാമര്‍ശിച്ച് കീര്‍ സ്റ്റാര്‍മര്‍ സ്വരംമാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ബ്രിട്ടന്റെയും, അമേരിക്കയുടെയും 'സ്‌പെഷ്യല്‍ ബന്ധത്തില്‍' ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ഗാര്‍ഡിനര്‍ ഓര്‍മ്മിപ്പിക്കുന്നു.