യുകെയില്‍ ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങളിലേക്ക് മാറാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി ലേബര്‍ ഗവണ്‍മെന്റ്. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള എതിര്‍പ്പ് ഗവണ്‍മെന്റ് മാറ്റിവെച്ചതോടെയാണ് ഇത് പ്രാബല്യത്തില്‍ വരുന്നതിന് വഴിയൊരുങ്ങുന്നത്.
2023-ല്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അന്നത്തെ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ നാല് പ്രവൃത്തിദിനങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകില്ലെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പറഞ്ഞു.
സൗത്ത് കേംബ്രിഡ്ജ്ഷയര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് സംബന്ധിച്ചാണ് ടോറികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. എന്നാല്‍ ട്രയല്‍സ് തുടരുകയും, മാര്‍ച്ചില്‍ അവസാനിക്കുകയും ചെയ്ത ശേഷം ഇനി എതിര്‍ത്തുള്ള നോട്ടീസ് നല്‍കേണ്ടെന്നാണ് ലേബര്‍ തീരുമാനം.
ഇതിനിടെ ലേബര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ട്യൂബ് ഡ്രൈവര്‍മാര്‍ക്ക് 35 മണിക്കൂര്‍ നാല് പ്രവൃത്തിദിനങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. പ്രവര്‍ത്തനശേഷി കുറയ്ക്കുന്നത് ലോക്കല്‍ ഏരിയയുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക.
അതേസമയം നാല് പ്രവൃത്തിദിനങ്ങളുടെ പരീക്ഷണം പോസിറ്റീവ് ഫലമാണ് നല്‍കിയതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. പല സേവനങ്ങളും മെച്ചപ്പെട്ടു. ഇതുവഴി ആയിരക്കണക്കിന് പൗണ്ട് ലാഭിക്കാനും, റിക്രൂട്ട്‌മെന്റ് മെച്ചപ്പെടുത്താനും, ജോലിക്കാരെ നിലനിര്‍ത്താനും കഴിയുന്നതായും കൗണ്‍സിലര്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.