ഡ്രൈവര്‍മാര്‍ ബസ് ഓടിച്ച് മുന്നിലെത്തുന്നു. അതില്‍ കയറി ഇരിക്കുന്നു, ലക്ഷ്യസ്ഥാനത്ത് എത്തുന്നു, ഇറങ്ങുന്നു. ഈ യാത്ര നമുക്ക് സുപരിചിതമാണ്. എന്നാല്‍ അടുത്ത ആഴ്ച മുതല്‍ ബസുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ അതില്‍ ഡ്രൈവരെ കാണണമെന്നില്ല. കാരണം നിങ്ങള്‍ക്ക് മുന്നിലെത്തിയത് ഡ്രൈവര്‍ ഇല്ലാത്ത നൂതന നൈറ്റ് റൈഡര്‍ സ്റ്റൈല്‍ ബസാകാം!
അടുത്ത ആഴ്ച മുതലാണ് യുകെ റോഡുകളില്‍ ഡ്രൈവര്‍ രഹിത ബസുകള്‍ ഓട്ടം തുടങ്ങുന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഈ ബസുകളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. സെന്‍ഡ്രല്‍ മില്‍ട്ടണ്‍ കെയിന്‍സിലാണ് സ്വയം ഓടുന്ന ബസുകള്‍ ഇടംപിടിക്കുന്നത്.
സ്ട്രീറ്റ് സിഎവി ബസുകളാണ് നഗരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. സാധാരണ ബസുകളെ പോലുള്ള ഉള്‍വശമാണെങ്കിലും ഇതില്‍ ഡ്രൈവര്‍ സീറ്റില്ലെന്നതാണ് സവിശേഷത. അതിനാല്‍ തന്നെ ഏതാണ് മുന്‍വശവും, പിന്‍വശവുമെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്.
പച്ചക്കൊടി വീശുന്നതിന് മുന്നോടിയായാണ് നഗരത്തില്‍ ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിപാടി ആരംഭിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ 2025-ല്‍ യാത്രക്കാര്‍ക്കായി വാഹനം സുസജ്ജമാകും.