ഗുരുതരമായി രോഗം ബാധിച്ച് മരണം കാത്തുകിടക്കുന്ന രോഗികള്‍ക്ക് ദുരവസ്ഥ അവസാനിപ്പിക്കാന്‍ സഹായിക്കുന്ന അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് അംഗീകാരം. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി നടന്ന ചരിത്ര പ്രാധാന്യമുള്ള വോട്ടെടുപ്പിലാണ് എംപിമാര്‍ നിയമമാറ്റത്തിന് പച്ചക്കൊടി വീശിയത്.
ഒരു ദശകത്തിനിടെ ഈ വിഷയത്തില്‍ ആദ്യമായി നടന്ന കോമണ്‍സ് വോട്ടെടുപ്പില്‍ 275-നെതിരെ 330 വോട്ടുകള്‍ നേടിയാണ് ആറ് മാസത്തിനുള്ളില്‍ മരിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗബാധിതര്‍ക്ക് ദയാവധം അനുവദിക്കുന്ന ബില്‍ അംഗീകരിച്ചത്. ഇരുഭാഗത്ത് നിന്നുമുള്ള എംപിമാര്‍ തങ്ങളുടെ വാദത്തിന് ബലമേകാന്‍ വിവിധ അനുഭവങ്ങള്‍ വൈകാരികമായി പങ്കിട്ടു.
കോമണ്‍സില്‍ ആദ്യ ഘട്ടം കടന്നെങ്കിലും ബില്‍ നിയമമായി മാറാന്‍ ഇനിയും കടമ്പകളുണ്ട്. എംപിമാരും, പിയേഴ്‌സും മാസങ്ങള്‍ നീളുന്ന ചര്‍ച്ചകള്‍ നടത്തി ഭേദഗതികള്‍ സംസാരിച്ച്, ഇവയെല്ലാം ഇരുസഭകളും അംഗീകരിച്ച ശേഷം മാത്രമാണ് ബില്‍ നിയമമായി മാറുക.
ബില്ലിനെ പിന്തുണക്കുന്നവര്‍ എംപിമാര്‍ അംഗീകാരം നല്‍കിയ വാര്‍ത്ത കേട്ട് കരയുകയും, പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു. ബില്‍ പാസായതില്‍ അതീവസന്തോഷമുണ്ടെന്ന് ബില്‍ മുന്നോട്ട് വെച്ച ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ പറഞ്ഞു. എന്നാല്‍ എംപിമാര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ പിന്നീട് ഇതിനെ തോല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്‍സര്‍വേറ്റീവ് എംപി ഡാനി ക്രൂഗര്‍ ഓര്‍മ്മിപ്പിച്ചു.
ഫ്രീ വോട്ട് അനുവദിച്ചിരുന്നതിനാല്‍ പാര്‍ട്ടി നിലപാട് നോക്കാതെ വിഷയത്തില്‍ വോട്ട് ചെയ്യാന്‍ എംപിമാര്‍ക്ക് സാധിച്ചു. അതേസമയം പുരുഷ എംപിമാരെ അപേക്ഷിച്ച് വനിതാ എംപിമാരാണ് ബില്ലിനെ ഉയര്‍ന്ന തോതില്‍ അനുകൂലിച്ചത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, മുന്‍ഗാമി ഋഷി സുനാകും ബില്ലിനെ അനുകൂലിച്ചപ്പോള്‍ ടോറി നേതാവ് കെമി ബാഡെനോക് എതിര്‍ത്ത് വോട്ട് ചെയ്തു.