ഇമിഗ്രേഷന്‍, ഹൗസിംഗ് വര്‍ക്കിനുള്ള ലീഗല്‍ എയ്ഡ് ഫീസില്‍ ചുരുങ്ങിയത് 10% വര്‍ദ്ധനവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി മന്ത്രിമാര്‍. നിരക്ക് വര്‍ദ്ധിപ്പിക്കാത്ത നടപടി സിസ്റ്റത്തെ സ്തംഭിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
1996-ന് ശേഷം ഇംഗ്ലണ്ടിലും, വെയില്‍സിലും അഭയാര്‍ത്ഥി വര്‍ക്ക് ഫീസില്‍ മാറ്റം വന്നിട്ടില്ല. 52 പൗണ്ടില്‍ കുടുങ്ങി കിടക്കുകയാണ് മണിക്കൂര്‍ ചാര്‍ജ്ജ്. ഇത് മാറ്റാന്‍ നടപടി സ്വീകരിച്ചതോടെ ലണ്ടനില്‍ 69 പൗണ്ടിലേക്കും, ലണ്ടന് പുറത്ത് 65 പൗണ്ടിലേക്കും ഫീസ് ഉയര്‍ത്താനാണ് വഴിയൊരുങ്ങുന്നത്. ഹൗസിംഗ്, ഡെബ്റ്റ്, അസൈലം, ഇമിഗ്രേഷന്‍ ജോലികള്‍ക്കാണ് ഈ നിരക്ക്.
മണിക്കൂര്‍ നിരക്കിലെ വര്‍ദ്ധനയ്ക്ക് ആനുപാതികമായി ഫിക്‌സഡ് റേറ്റ് ഫീസും ഉയരും. എന്നാല്‍ വര്‍ദ്ധന 29 ശതമാനമെങ്കിലും വേണമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. 1996 മുതല്‍ ഇമിഗ്രേഷന്‍, അസൈലം വര്‍ക്ക് ഫീസ് യഥാര്‍ത്ഥ തോതില്‍ പകുതിയോളം കുറഞ്ഞിട്ടുണ്ട്. നിലവില്‍ പ്രാഥമിക ക്ലെയിമുകളില്‍ അഭിഭാഷകര്‍ക്ക് ഫിക്‌സഡ് റേറ്റില്‍ 413 പൗണ്ട് ലഭിക്കുന്നുണ്ട്.
ലീഗല്‍ എയ്ഡ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് താങ്ങാന്‍ കഴിയില്ലെന്ന് മുന്‍ ഗവണ്‍മെന്റുകള്‍ നിലപാട് സ്വീകരിച്ചെങ്കിലും അഭയാര്‍ത്ഥികള്‍ക്കായി ഹോട്ടലുകള്‍ ഒപ്പിച്ച് വന്‍ ചെലവുകള്‍ വഹിക്കേണ്ട അവസ്ഥയാണ് മറുഭാഗത്ത് നേരിട്ടത്. അഭയാര്‍ത്ഥി അപേക്ഷകള്‍ ശരിയായി സമര്‍പ്പിക്കാന്‍ സാധിക്കാതെ വരുന്നതോടെ വന്‍തോതില്‍ അപ്പീല്‍ നടപടികള്‍ കാലതടസ്സങ്ങള്‍ നേരിടുകയും, ഗവണ്‍മെന്റിന് കൂടുതല്‍ ചെലവ് വരികയുമാണ് ചെയ്തത്.