കൂടുതല്‍ കുഞ്ഞുങ്ങളെ വകവരുത്തിയെന്ന ആരോപണത്തില്‍ മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ ജയിലില്‍ ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന അപ്രതീക്ഷിത മരണങ്ങളും, കുഞ്ഞുങ്ങള്‍ ബോധരഹിതരാകുകയും ചെയ്ത സംഭവങ്ങളുടെ പേരിലാണ് കൊലയാളി നഴ്‌സിനെ ചോദ്യം ചെയ്തത്.
അതേസമയം ഇതാദ്യമായി ലെറ്റ്ബി പരിശീലനം നേടിയ ലിവര്‍പൂള്‍ വുമണ്‍സ് ഹോസ്പിറ്റലിലെ കേസുകളുമായും ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ ഉണ്ടായെന്നാണ് വിവരം. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് കുഞ്ഞുങ്ങളെ വധിക്കുകയും, മറ്റ് പേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് 34-കാരിയായ മുന്‍ നിയോനേറ്റല്‍ നഴ്‌സ് അപൂര്‍വ്വമായ ആജീവനാന്ത ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ശിക്ഷിക്കപ്പെട്ട് അകത്തായതിന് ശേഷം ലെറ്റ്ബി തന്റെ കരിയറില്‍ പരിചരിച്ച 4000 കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് ചെഷയര്‍ പോലീസ് പരിശോധിച്ച് വരികയാണ്. ലൂസി ലെറ്റ്ബിയെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തതായി ചെഷയര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പങ്കുവെയ്ക്കാന്‍ തയ്യാറായില്ല. യുകെ നീതിന്യായ ചരിത്രത്തില്‍ ആജീവനാന്ത ശിക്ഷ അനുഭവിക്കുന്ന നാല് സ്ത്രീകളില്‍ ഒരാളാണ് ഈ മുന്‍ നഴ്‌സ്.
സറേ ആഷ്‌ഫോര്‍ഡിലെ എച്ച്എംപി ബ്രോണ്‍സ്ഫീല്‍ഡിലെ കാറ്റഗറി എ വനിതാ ജയിലിലാണ് ഇപ്പോള്‍ ലെറ്റ്ബിയെ പാര്‍പ്പിച്ചിരിക്കുന്നത്. ജൂലൈയില്‍ നടന്ന പുനര്‍വിചാരണയില്‍ ഒരു പെണ്‍കുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ച മറ്റൊരു കുറ്റത്തില്‍ കൂടി ലെറ്റ്ബി ശിക്ഷിക്കപ്പെട്ടിരുന്നു. 15 ആജീവനാന്ത ശിക്ഷകള്‍ ലഭിച്ചിരിക്കുന്നതിനാല്‍ മരണം വരെ ഈ നഴ്‌സ് ജയിലില്‍ കഴിയേണ്ടി വരും.