ബ്രിട്ടനില്‍ താമസിക്കാനും, ജോലി ചെയ്യാനുമുള്ള അവകാശം തെളിയിക്കാന്‍ കാലാവധി കഴിഞ്ഞ രേഖകള്‍ ഉപയോഗിക്കാന്‍ വിദേശ പൗരന്‍മാര്‍ക്ക് അനുമതി നല്‍കി ഹോം ഓഫീസ്. ഇ-വിസാ സിസ്റ്റത്തിലേക്ക് ചുവടുമാറുന്നതില്‍ പ്രതിസന്ധി നേരിട്ടതോടെയാണ് ഹോം ഓഫീസ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
പുതുവര്‍ഷ ദിനത്തില്‍ ഇ-വിസാ സിസ്റ്റം നടപ്പാക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതിസന്ധി രൂപപ്പെട്ടതോടെ പദ്ധതി മൂന്ന് മാസത്തേക്ക് വൈകിപ്പിക്കാനാണ് തീരുമാനം. യുകെയില്‍ തങ്ങാന്‍ വിദേശ പൗരന്‍മാര്‍ക്കുള്ള അവകാശം തെളിയിക്കാന്‍ ഉപയോഗിക്കുന്ന പഴയ ഫിസിക്കല്‍ ബയോമെട്രിക് കാര്‍ഡുകള്‍ക്ക് പകരം ഇ-വിസാ സിസ്റ്റത്തിലേക്ക് മാറാനാണ് ഒരുക്കം. ഡിസംബര്‍ 31ന് ബയോമെട്രിക് കാര്‍ഡുകളുടെ കാലാവധി തീരുകയും ചെയ്യും.
എന്നാല്‍ ടെക്‌നോളജി പ്രശ്‌നങ്ങള്‍ മൂലം വിദേശ പൗരന്‍മാര്‍ മാര്‍ച്ച് അവസാനം വരെ ഫിസിക്കല്‍ കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കാനാണ് നിര്‍ദ്ദേശം. ഇവയുടെ കാലാവധി തീര്‍ന്നാലും കുഴപ്പമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെ വിമാനത്താവളങ്ങളില്‍ വിസയുള്ളവരും, രാജ്യത്ത് ജീവിക്കാനും, ജോലി ചെയ്യാനും അവകാശമുള്ളവരും എത്തുമ്പോള്‍ തങ്ങളുടെ രേഖകള്‍ സ്വീകരിക്കുമെന്ന ആകാംക്ഷയില്‍ വരേണ്ട ഗതികേടാണ് ഇതോടെ ആഗതമായത്.
2025 മാര്‍ച്ച് 31 വരെ കാലാവധി കഴിഞ്ഞ ബയോമെട്രിക് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇ-വിസാ സിസ്റ്റത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്ന് ഓപ്പണ്‍ റൈറ്റ്‌സ് ഗ്രൂപ്പ് കണ്ടെത്തി. 999 സര്‍വ്വീസ് റേഡിയോ സിസ്റ്റത്തിനായി ഹോം ഓഫീസ് 2 ബില്ല്യണ്‍ പൗണ്ടാണ് ഇറക്കിയിട്ടുള്ളത്. എന്നാല്‍ ഇത് 2029 വരെ പ്രവര്‍ത്തനസജ്ജമാകില്ല.