വീക്കെന്‍ഡില്‍ അതിശക്തമായ കാറ്റും, മഴയും സമ്മാനിക്കാന്‍ പുതിയ കൊടുങ്കാറ്റ് ബ്രിട്ടീഷ് തീരത്തേക്ക്. 80 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മൂന്ന് ഇഞ്ച് വരെ മഴയും പെയ്യുന്നതോടെ ആശങ്കാപരമായ സാഹചര്യമാണ് ഉടലെടുക്കുന്നത്. അവശിഷ്ടങ്ങള്‍ പറക്കുന്നതിനാല്‍ ജീവഹാനി സംഭവിക്കാന്‍ ഇടയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.
മഴ, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട മഞ്ഞ ജാഗ്രത ഇംഗ്ലണ്ടിലും, വെയില്‍സിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. ആഴത്തിലുള്ള കുറഞ്ഞ പ്രഷര്‍ സിസ്റ്റത്തിന് ഡറാഗ് കൊടുങ്കാറ്റെന്ന് പേര് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 27ന് കോണാള്‍ കൊടുങ്കാറ്റും, നവംബര്‍ 22ന് ബെര്‍ട്ട് കൊടുങ്കാറ്റും ബ്രിട്ടനില്‍ നാശംവിതച്ച് കടന്നുപോയിരുന്നു. പുതിയ കൊടുങ്കാറ്റ് രൂപമെടുക്കുന്ന സാഹചര്യത്തില്‍ റോഡ്, റെയില്‍, എയര്‍, ഫെറി സര്‍വ്വീസുകള്‍ ബാധിക്കപ്പെടുമെന്നതിനാല്‍ യാത്രാ തടസ്സം രൂപമെടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. വീടുകളിലും, ബിസിനസ്സുകളിലും വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്.
മേല്‍ക്കൂരയില്‍ നിന്നും ശക്തമായ കാറ്റില്‍ ടൈലുകള്‍ പറന്ന് പോകാന്‍ ഇടയുണ്ട്. മഴയും, വെള്ളപ്പൊക്കവും റോഡിലൂടെ ഡ്രൈവിംഗ് ബുദ്ധിമുട്ടാക്കി മാറ്റിയേക്കാം. ചിലപ്പോള്‍ റോഡുകള്‍ അടച്ചിടാനും സാധ്യതയുണ്ടെന്നാണ് സൂചന. ഇതിന് പുറമെ പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ കവറേജ് നഷ്ടമാകല്‍ എന്നിവയും വന്നുചേരാം. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാല മൂലം പരുക്കേല്‍ക്കാനും, ജീവന്‍ അപകടത്തിലാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.