ഡരാഗ് കൊടുങ്കാറ്റ് ബ്രിട്ടീഷ് മണ്ണിലേക്ക് ശക്തമായ മഴയും, കാറ്റും എത്തിക്കുമെന്ന് ഉറപ്പായതോടെ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. സീസണിലെ നാലാമത്തെ കൊടുങ്കാറ്റ് 80 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റും, അതിശക്തമായ മഴയ്ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്.
ഉച്ചതിരിഞ്ഞ് തുടങ്ങുന്ന മഴയും, കാറ്റും ആഴ്ചാവസാനത്തേക്കും നീളും. ഇതിനകം 130 വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ഏതാനും ദിവസത്തേക്ക് കൊടുങ്കാറ്റ് നിലയുറപ്പിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് മെറ്റ് അപൂര്‍വ്വമായ ആംബര്‍ മുന്നറിയിപ്പ് നല്‍കിയത്. രണ്ടാമത്തെ ഉയര്‍ന്ന അലേര്‍ട്ട് ലെവലാണിത്. ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ വിനാശകരമായ 80 എംപിഎച്ച് കൊടുങ്കാറ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും വീശിയടിക്കുമെന്നാണ് ആശങ്ക.
കൂടുതല്‍ വ്യാപകമാസ നാശം വിയ്ക്കുമെന്നതിനാല്‍ കൊടുങ്കാറ്റിന്റെ പാതയിലുള്ള ജനങ്ങള്‍ സുരക്ഷിതരാകണമെന്ന് മുന്നറിയിപ്പ് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ മലനിരകളില്‍ മഞ്ഞും വീഴും. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, വെയില്‍സിലും മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ബെര്‍ട്ട് കൊടുങ്കാറ്റ് സൃഷ്ടിച്ച വെള്ളപ്പൊക്കം സാരമായി ബാധിച്ച ഇവിടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മുതല്‍ ശനിയാഴ്ച 12 വരെയാണ് മഴ മുന്നറിയിപ്പ്.
മുന്നറിയിപ്പ് സമയത്ത് 60 എംഎം വരെ മഴ ഈ മേഖലകളില്‍ പെയ്തിറങ്ങുമെന്നാണ് കരുതുന്നത്. ഇത് വെള്ളപ്പൊക്കത്തിനും, സാരമായ തടസ്സങ്ങള്‍ക്കും ഇടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അറ്റ്‌ലാന്റിക്കില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നലെ യൂറോപ്പിലേക്ക് പ്രവേശിച്ച കൊടുങ്കാറ്റ് ഇന്ന് ഉച്ചയോടെ യുകെയിലും വീശുമെന്നാണ് പ്രവചനം.