രോഗികളുടെ രോഗാവസ്ഥകള്‍ കണ്ടെത്തുകയാണ് ഡോക്ടര്‍മാരുടെ ഉത്തരവാദിത്വം. ഇത് എത്രയും വേഗം കണ്ടെത്തുന്നോ അത്രയും ഗുണകരം. രോഗികളുടെ മാറ്റങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ജിപിമാരെ പോലുള്ളവര്‍ സഹായകമാണ്. എന്നാല്‍ നല്ലൊരു ശതമാനം രോഗികളുടെ രോഗാവസ്ഥകള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പരാജയപ്പെടുന്നുമുണ്ട്. ഇതുമൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് രോഗികള്‍ക്ക് അവരുടെ ശരീരഭാഗങ്ങള്‍ മുറിച്ചുനീക്കേണ്ടി വരുന്നതായാണ് കണ്ടെത്തല്‍.
യുകെയില്‍ നടക്കുന്ന ശരീരഭാഗങ്ങള്‍ മുറിച്ചുനീക്കുന്നതിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് വേഗത്തില്‍ രോഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അഞ്ചില്‍ നാല് രോഗികളുടെയും ജീവിതം മാറ്റിമറിക്കുന്ന സര്‍ജറികള്‍ ഒഴിവാക്കാമെന്ന് കണ്ടെത്തിയത്. ഇംഗ്ലണ്ടിലും, വെയില്‍സിലും ഓരോ വര്‍ഷവും 3000-ഓളം മുറിച്ചുമാറ്റലുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.
പെറിഫെറല്‍ ആര്‍ട്ടെറി ഡിസീസാണ് ഇതില്‍ ഭൂരിപക്ഷത്തിനും കാരണം. കൈകാലുകളിലെ രക്തധമനികള്‍ ചെറുതായി, രക്തമൊഴുക്ക് തടസ്സപ്പെട്ട് പോകുന്ന അവസ്ഥയാണിത്. എന്നാല്‍ ഈ രോഗാവസ്ഥ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാന്‍ രോഗികള്‍ പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ വാസ്‌കുലര്‍ ഡിസീസ് എക്‌സ്‌പേര്‍ട്ട് പ്രൊഫ അത്തനാസിയോസ് സാരാറ്റ്‌സിസ് പറയുന്നു.
ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ ജിപിമാര്‍ തിരിച്ചറിയുന്നത് അപൂര്‍വ്വമാണ്. രോഗം കണ്ടെത്തുമ്പോഴേക്കും അവയവങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കും.