ലണ്ടന്‍ ബസില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ച് അധികൃതര്‍. വൂള്‍വിച്ചില്‍ റൂട്ട് 472 റെഡ് ഡബിള്‍ ഡെക്കര്‍ ബസില്‍ വെച്ചാണ് ആണ്‍കുട്ടിയെ കുത്തിക്കൊന്നത്. ക്രൂരമായ കുറ്റകൃത്യമെന്നാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സംഭവത്തെ വിശദീകരിക്കുന്നത്.
ഉച്ചയ്ക്ക് 2.30-ഓടെ നടന്ന സംഭവങ്ങളെ കുറിച്ച് പട്രോളിംഗ് ഓഫീസര്‍ സഹജീവനക്കാര്‍ക്ക് അലേര്‍ട്ട് നല്‍കി. എന്നാല്‍ പാരാമെഡിക്കുകള്‍ എത്തിച്ചേര്‍ന്ന് ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. രാത്രി വൈകിയും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ബസില്‍ തെളിവുകള്‍ക്കായി പരിശോധന നടത്തി.
കൊലയാളിയെ പിടിക്കാനായി ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുകയാണെന്ന് ചീഫ് സൂപ്രണ്ട് ലൂസി സാര്‍ജെന്റ് പറഞ്ഞു. പ്രതിയെ എത്രയും പെട്ടെന്ന് പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യാതൊരു പ്രശ്‌നവും ഉണ്ടാക്കാത്ത വ്യക്തിയാണ് കൊലപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. മെറ്റ് പോലീസ് ബന്ദവസ്സ് ഏര്‍പ്പെടുത്തിയതിനാല്‍ മേഖലയില്‍ ഗതാഗത തടസ്സം രൂക്ഷമായിരുന്നു.
മറ്റ് യാത്രക്കാരുടെ കണ്‍മുന്നില്‍ വെച്ച് ഇത്തരമൊരു അക്രമം നടന്നതാണ് പ്രദേശവാസികളെ ഞെട്ടിക്കുന്നത്. ബസില്‍ പോലും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണോയെന്നാണ് ഇവരുടെ ചോദ്യം. സംഭവത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അനുശോചനം അറിയിച്ചു.
അതേസമയം മറ്റൊരു 18 വയസ്സുകാരനെ കുത്തിക്കൊല്ലാന്‍ നോക്കിയ സംഭവം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ഈ അക്രമം നടന്നിരിക്കുന്നത്. എന്നാല്‍ ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.