അപ്രതീക്ഷിതമായിരുന്നു ദീപക് ബാബുവിന്റെ മരണവാര്‍ത്ത. 40ാം വയസ്സില്‍ പ്രിയപ്പെട്ടവരെ വിട്ടുപോയി. ക്രിസ്മസ് ദിനത്തിലായിരുന്നു ഏവരേയും വേദനിപ്പിച്ച ആ വാര്‍ത്ത എത്തിയത്.
കൊല്ലം മാങ്ങാട് സ്വദേശിയായ ദീപക് ബാബുവിന്റെ മൃതദേഹം ഈ മാസം 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നോട്ടിങ്ഹാമിലെ വീട്ടില്‍ വച്ച് കുഴഞ്ഞുവീണ ദീപക് ബാബു (40) ഹൃദയ സ്തംഭനം കാരണം സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ഭാര്യ നീതുവും എട്ടുവയസുകാരനായ ഏക മകന്‍ ദക്ഷിത് (കേശു) എന്നിവരോടൊപ്പം നോട്ടിങ്ഹാമിലേക്ക് കുടിയേറിയത്.
നോട്ടിങ്ഹാം മുദ്ര ആര്‍ട്‌സിന്റെ ട്രഷറര്‍, സേവനം യുകെയുടെ മെമ്പര്‍ എന്നിവയില്‍ സജീവമായിരുന്നു.
മങ്ങാട് വിദ്യാ നഗറില്‍ ജി ബാബുവിന്റെയും കെ ജലജയുടേയും മകനാണ്.
ദീപകിന് ഇന്ന് പ്രിയപ്പെട്ടവര്‍ ആദരാഞ്ജലി അര്‍പ്പിക്കും. നോട്ടിങ്ഹാം ഗെഡ്‌ലിങ് ക്രിമറ്റോറിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ പൊതുദര്‍ശനമുണ്ടാകും. ശേഷം മൃതദേഹം നാട്ടിലേക്ക് അയയ്ക്കും. നോട്ടിങ്ഹാമിലുള്ള ഉറ്റ സുഹൃത്ത് ജെസിന്‍ ജേക്കബ് അനുഗമിയ്ക്കും.
ദീപകിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയും മകനും ജനുവരി 1ന് നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു.
മുദ്ര ആര്‍ട്‌സ്, നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, സേവനം യുകെ എന്നീ സംഘടനകളുടെ സഹകരണത്തോടെ കുടുംബത്തെ പിന്തുണക്കാന്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നു. 27368 പൗണ്ട് ദിപകിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി. ഇന്ന് ദീപക് ബാബുവിന് പ്രിയപ്പെട്ടവര്‍ വിടയേകും.