ചലച്ചിത്രതാരം ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. ഹണി റോസിന്റെ പരാതിയില്‍ രാവിലെ ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ബോബിയുമായി രാത്രിയോടെ പൊലീസ് സംഘം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹണി റോസ് രണ്ടുമണിക്കൂറോളം രഹസ്യമൊഴി നല്‍കി. ഈ മൊഴിയായിരിക്കും ബോബിയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യത ഉണ്ടോ എന്നകാര്യത്തില്‍ നിര്‍ണായമാക്കുക. ഹണി റോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്തുവരികയാണ്. നിലവില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികമായി അധിക്ഷേപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായയിലെ 75, ഐടി ആക്ടിലെ 67 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
മുന്‍പ് ബോബി ചെമ്മണ്ണൂരില്‍ നിന്ന് താന്‍ നേരിട്ട ദ്വയാര്‍ത്ഥം കലര്‍ന്ന ലൈംഗികാധിക്ഷേപങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ ആലക്കോടുള്ള ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളടക്കം പരാതിയില്‍ പറയുന്നു. ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാക്ഷേപ നിറഞ്ഞ പരാമര്‍ശങ്ങളും ഡിജിറ്റല്‍ തെളിവുകളും ഹണിറോസ് ഹാജരാക്കിയിട്ടുണ്ട്. തന്റെ പേരും ചിത്രവും തമ്പ്‌നെയ്‌ലായി ഉപയോഗിച്ച് ലൈംഗികാതിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പ്രചാരം നല്‍കിയ ഇരുപതോളം യൂട്യൂബ് ചാനലുകള്‍ക്കെതിരെയും ഹണി റോസ് പരാതി നല്‍കിയിട്ടുണ്ട്.