CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes Ago
Breaking Now

അപകടത്തെച്ചൊല്ലി തര്‍ക്കം നീണ്ടു, പരിക്കേറ്റ വിദ്യാര്‍ഥിക്ക് അടിയന്തരചികിത്സ നല്‍കിയില്ല, രക്തംവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

കല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനിയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥി കൊളച്ചേരി ചേലേരിയിലെ പി.ആകാശ് (20) ആണ് മരിച്ചത്.

അപകടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അടിയന്തര ചികിത്സ ലഭ്യമാകുമായിരുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിന് തൊട്ടരികില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അപകടത്തിന് ശേഷം കാല്‍മണിക്കൂറോളം തര്‍ക്കം നടക്കുമ്പോള്‍ തലയില്‍നിന്ന് രക്തം വാര്‍ന്ന് ദേശീയപാതയോരത്ത് അവന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. കോളേജിന് ഒന്നര കിലോമീറ്റര്‍ അകലെ വേളാപുരത്തേക്ക് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ പാപ്പിനിശ്ശേരി എല്‍.പി. സ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെ 9.15-നാണ് സംഭവം.

കല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനിയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥി കൊളച്ചേരി ചേലേരിയിലെ പി.ആകാശ് (20) ആണ് മരിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായകസമയമാണ് (സുവര്‍ണ നിമിഷങ്ങള്‍) തര്‍ക്കത്തിനിടെ നഷ്ടമായത്. ബസിടിച്ചല്ല മരണമെന്ന ബസ് ജീവനക്കാരുടെ നിലപാടാണ് സ്ഥലത്തുണ്ടായവരുമായി തര്‍ക്കത്തിനിടയാക്കിയത്. ഇതിനിടെ ആകാശിന്റെ കാര്യം ആരും ശ്രദ്ധിച്ചില്ല. 15 മിനുട്ടോളം റോഡില്‍ കിടന്നശേഷമാണ് ആകാശിനെ വഴിയാത്രക്കാര്‍ ചേര്‍ന്ന് സമീപത്തെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിടിച്ചാണ് അപകടം. ബസ് ഡ്രൈവറെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൊളച്ചേരി വളവില്‍ ചേലേരി തെക്കേക്കരയില്‍ ആകാശ് വിഹാറിലെ പരേതനായ എം.കെ.മധുസൂദനന്റെ മകനാണ്. അമ്മ: പി.സവിത. വെള്ളിയാഴ്ച രാവിലെ 9.30-ന് പോളിടെക്‌നിക് കോളേജില്‍ പൊതുദര്‍ശനത്തിനുശേഷം 10.30-ന് വീട്ടിലെത്തിക്കും. സംസ്‌കാരം 11.30-ന് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.