ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് പൊടുന്നനെ നിരക്ക് ഉയര്‍ത്തിയാല്‍ ഏത് ഉപഭോക്താവിനും നോവും. എന്നാല്‍ സേവനം തുടരേണ്ട ഗതികേട് മൂലം ഇത് സഹിക്കേണ്ടി വരികയും ചെയ്യും. ഈ അവസ്ഥ പല കമ്പനികളും പരമാവധി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് തടയിടാന്‍ റെഗുലേറ്റര്‍ ഓഫ്‌കോം രംഗത്തിറങ്ങിയിരിക്കുകയാണ്.
വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് 'സര്‍പ്രൈസ്' നല്‍കുന്ന പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഓഫ്‌കോം. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആളുകളെ 'പൗണ്ടും, പെന്‍സും' അളന്ന് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള നിരക്ക് വര്‍ദ്ധനയെ കുറിച്ച് മുന്‍കൂറായി അറിയിച്ചിരിക്കണമെന്നാണ് നിബന്ധന വരുന്നത്.
ടെലികോം മേഖലയില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഈ വിധം കമ്പനികള്‍ പിഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 17.3% വരെ കോണ്‍ട്രാക്ടുകള്‍ക്ക് ഇടയില്‍ വെച്ച് നിരക്ക് കൂട്ടുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഓഫ്‌കോം നിരക്ക് വര്‍ദ്ധനയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ മുന്‍കൂറായി അറിയിക്കാനാണ് സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കുന്നത്.
ഈ വിധത്തില്‍ ശതമാനം പറയാതെ എത്ര തുക ഉയരുമെന്ന് അറിയിക്കുന്നത് വഴി ഉപഭോക്താവിന് ഭാവിയില്‍ എത്ര തുക അടയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമാകുകയും, ആവശ്യത്തിന് അനുസരിച്ചുള്ള ഡീല്‍ തെരഞ്ഞെടുക്കാനും കഴിയുമെന്ന് ഓഫ്‌കോം വ്യക്തമാക്കി.